കോട്ടയം നാഗമ്പടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെവന്‍ലി ഫീസ്റ്റ് അഥവാ സ്വര്‍ഗ്ഗീയ വിരുന്ന് എന്ന സുവിശേഷ പ്രചാരണ സംഘടനയുടെ അമരക്കാരനായ തങ്കു ബ്രദറിന് എതിരെ ഈ അടുത്ത നാളുകളില്‍ ഉയര്‍ന്നു കേട്ട ആരോപണങ്ങള്‍ നിരവധിയാണ്.തങ്കു ബ്രദര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഡോ.മാത്യു കുരുവിള ക്കെതിരെ വ്യാജ രേഖയുണ്ടാക്കല്‍,ഗുണ്ട ആക്രമണം ,അന്യായ സ്വത്തു സമ്പാദനം തുടങ്ങി ഗുരുതരമായ പലവിധ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം ഇതാണ്,ഒരു വിഭാഗം മാധ്യമങ്ങള്‍ മാത്രം നിരന്തരം ഈ വാര്‍ത്തകള്‍ നല്കി മുന്നേറിയപ്പോള്‍ മറ്റൊരു വിഭാഗം മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയം അറിഞ്ഞതായേ നടിച്ചില്ല.എന്നാല്‍ തങ്കു ബ്രദര്‍ തന്റ്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഈ മാധ്യമങ്ങളെ വിലക്കെടുക്കുകയായിരുന്നു എന്നൊരു ആരോപണവും ഇതിനെതിരെ ചിലര്‍ ഉന്നയിച്ചു.പക്ഷേ ഈ വിവാദ കോലാഹലങ്ങള്‍ കത്തിപ്പടരുമ്പോഴും അവക്കൊന്നും ചെവി കൊടുക്കാതെയും വാര്‍ത്താ മാധ്യമങ്ങളിലോ സോഷ്യല്‍ മീഡിയയിലോ വിശദീകരണത്തിനോ മറ്റു ചെറുത്തു നില്പ്പുകള്ക്കോ മുതിരാതെയും സ്വന്തം ജോലിയായ സുവിശേഷ പ്രചാരണ വേലയുമായി നടക്കുകയായിരുന്നു തങ്കു ബ്രദറും സംഘവും.എന്നാല്‍ ഇപ്പോള്‍ തന്നെയും തന്റ്റെ കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അനവധിയാളുകളുടെ ഇടയില്‍ ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ ഭാഷയില്‍ മറുപടിയുമായി തങ്കു ബ്രദര്‍ ഇക്കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നു.
സ്വര്ഗ്ഗീയവിരുന്നിന്റ്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെയും പുറത്തുമുള്ള പ്രധാന ടെലിവിഷന്‍ ചാനലുകളില്‍ പ്രതിദിനേന നടത്തുന്ന പരിപാടികളിലെ ഒരു ദിവസത്തെ സമയം മുഴുവന്‍ തന്റ്റെ സത്യസന്ധതയും നിലപാടും വ്യക്തമാകാനായിരുന്നു തങ്കുബ്രദറും കൂട്ടാളിയായ തോമസ് അബ്രഹാം അഥവാ തോമസ് കുട്ടി ബ്രദറും ശ്രമിച്ചത്.മലയാളത്തില്‍ സണ്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള ചാനെലുകളും, സി എം പി നേതാവായിരുന്ന എം വി രാഘവന്റ്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ആയ നികേഷ് കുമാറിന്റ്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചനെലും ആണ് ഇപ്പോള്‍ സ്വര്ഗ്ഗീയവിരുന്നിന്റ്റെ പരിപാടികള്‍ സ്ഥിരമായി സംപ്രേക്ഷണം ചെയ്തു വരുന്നത്.തങ്കു ബ്രദറിന്റ്റെ ചില പ്രധാന തുറന്നു പറച്ചിലുകളിലേക്ക്.
“ചെളി വാരിയെറിയും മുന്‍പ് ഒരു വാക്ക് എന്നോടും കൂടി ചോദിക്കാമായിരുന്നു”.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം തന്നെ വ്യാജമാണ് എന്ന് തങ്കു ബ്രദര്‍ വിശുദ്ധ ബൈബിളിനെ സാക്ഷ്യപ്പെടുത്തി പറഞ്ഞു.കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ നിരന്തരം യേശുവിനെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരാളാണ് താന്‍.അനേക ലക്ഷങ്ങള്‍ക്ക് സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് ജീവിത ലക്ഷ്യം.ഒരു തുറന്ന പുസ്തകം പോലെയാണ് തന്റ്റെ ജീവിതം.ആരില്‍ നിന്നും ഒന്നും ഒളിക്കാനില്ല.ആരോപണങ്ങള്‍ എല്ലാം തന്നെ വ്യാജമായതിനാലാണ് എങ്ങും മുങ്ങി നടക്കാതിരുന്നത്.വിവിധ ചാനെലുകളിലായി ദിവസേനേ നാല് മണിക്കൂറുകളിലധികം ഒരു മുടക്കവും കൂടാതെ താനും സഹ പ്രവര്‍ത്തകരും ബൈബിള്‍ പ്രസംഗിക്കുന്നു.പക്ഷെ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയവര്‍ക്ക് അതിനു മുതിരും മുന്‍പ് തന്നോടും ഒരു വാക്ക് ചോദിക്കാമായിരുന്നു.ഒരു വിശദീകരണം എങ്കിലും തേടാമായിരുന്നു.ഒരു ഒളിവിലും പോകാത്ത തന്നെപറ്റി ചില പിടികിട്ടാപുള്ളികള്‍ക്കെതിരെ എന്ന പോലെ ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്.ഇത് വല്ലാത്ത ഒരു മാനസിക വ്യഥയാണ് തനിക്കുണ്ടാക്കിയത് എന്ന് തങ്കു ബ്രദര്‍ വികാരാധീനനായി പറഞ്ഞു.പക്ഷെ തന്നെ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്.അവരുടെ സ്നേഹവും പ്രാര്‍ഥനയും ആണ് തന്റ്റെ ബലം.
മരുന്നിന്റ്റെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍.
തങ്കു ബ്രദറിനു മേല്‍ ഉയര്‍ന്ന മറ്റൊരു ശക്തമായ ആരോപണമാണ് വിശ്വാസികളോട് രോഗം വന്നാല്‍ ഒരിക്കലും മരുന്ന് ഉപയോഗിക്കരുത് എന്ന് ഉപദേശിക്കുകയും അതെ സമയം സ്വന്തം കുടുംബത്തിനോ തനിക്കോ അസുഖം വന്നാല്‍ ഉടനെ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ചെയും എന്ന വസ്തുത.എന്നാല്‍ തന്റെ ഒരു യോഗങ്ങളിലും ഒരിക്കല്‍ പോലും രോഗം വന്നാല്‍ മരുന്ന് കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല.പലപ്പോഴും പ്രസംഗ സമയത്ത് താന്‍ പരസ്യമായി സ്റ്റേജില്‍ നിന്ന് മരുന്നുകളും ഗുളികകളും കഴിച്ചിട്ടുണ്ട്.രോഗം വന്നാല്‍ അത് പരിഹരിക്കാന്‍ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണ് ഡോക്ടര്‍,മരുന്ന്,ആശുപത്രികള്‍ എന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു .
ക്രൂശിക്കപ്പെടുമ്പോള്‍ അത്ഭുതങ്ങള്‍ കൊണ്ട് നിറയുന്ന കണ്വന്ഷന് വേദികള്‍.
എന്നൊക്കെ സ്വര്‍ഗ്ഗീയ വിരുന്നിനെതിരെ ഏഷണികളും വ്യാജ ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടോ അപ്പോഴൊക്കെ താനും കൂട്ടരും നയിച്ചിട്ടുള്ള ബൈബിള്‍ ക്രൂസേഡുകളില്‍ അത്ഭുതങ്ങള്‍ പതിന്മടങ്ങ് ഇരട്ടിയാവുന്ന അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഇത്തവണ തനിക്കെതിരെ അപവാദ പ്രചാരങ്ങള്‍ കത്തിനിന്ന സമയത്ത് നടന്ന കണ്‍വന്‍ഷ നുകളില്‍ നിരന്തരം കാലിയാവുന്ന വീല്‍ ചെയറുകള്‍ ഒരു പ്രത്യേകതയായിരുന്നു എന്ന് തങ്കു ബ്രദര്‍ ആവേശത്തോടെ ഓര്‍ക്കുന്ന ദൃശ്യമാണ് ടെലിവിഷന്‍ ഷോയില്‍ കണ്ടത്.ആരോപണങ്ങള്‍ തനിക്കെന്നും ഒരു ലഹരിയായി മാറുന്നു എന്ന സൂചനയാണോ ഈ തുറന്നു പറച്ചിലുകള്‍ വഴി തങ്കു ബ്രദര്‍ നല്‍കുന്നത് എന്ന സംശയം കാഴ്ചക്കാരില്‍ ഉളവാക്കിയെങ്കില് അതില്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
നെല്ലേത് പതിരേത്.?
ഹെവനലിഫീസ്റ്റിന്റെ ലോകമെമ്പാടുമുള്ള അനേക ലക്ഷം പ്രേക്ഷകര്‍ക്ക് വേണ്ടി ചാനെലുകളിലൂടെ തങ്കുബ്രദര്‍ മനസ്സ് തുറന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണ് കോട്ടയത്തെ സ്വര്‍ഗ്ഗീയ വിരുന്നിന്റ്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കാന്‍ ഉത്തരവിട്ടുകൊണ്ട് ആര് സാനു,ശ്രീകാന്ത് തിരുവഞ്ചൂര്‍,എം വി ഉണ്ണിക്കൃഷ്ണന് എന്നിവരുടെ ഹര്ജ്ജിയിന്മേല് ഹൈക്കോടതി ജസ്റ്റിസ് ടി ആര് രാമചന്ദ്രന് നായരുടെ വിധി വന്നത്. അതേ നാളുകളില്‍ തന്നെ കോട്ടയത്ത് നിരവധി രാഷ്ട്രീയ സാമൂഹ്യ മത പ്രധിനിധികള്‍ പങ്കെടുത്ത മത മൗലിക വാദത്തിനെതിരെ നടന്ന വന്‍സമ്മേളനത്തില്‍ ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനിധികരിച്ചു ക്ഷണിക്കപ്പെട്ടവരില്‍ ഒരാള്‍ തങ്കുബ്രദര്‍ ആയിരുന്നു എന്നത് വളരെ ശ്രേദ്ധെയമായ ഒരു കാര്യമാണ്.കേരളത്തിലെ പല പ്രമുഖ ബിഷപ്പുമാരും സാംസ്കാരിക നായകന്മാരും രാഷ്ട്രീയ രംഗത്തെ എണ്ണം പറഞ്ഞ പ്രമുഖരും തങ്കു ബ്രദറിനൊപ്പം വേദി പങ്കിട്ടു പ്രസംഗിച്ചു.ഒരുവശത്ത് ആരോപണങ്ങളും നിയമക്കുരുക്കുകളും മുറുകുമ്പോഴും മറ്റൊരു വശത്ത് കേരളത്തിലെ സാമൂഹിക മത രംഗത്ത് വളരെ ശക്തി യാര്ജ്ജിക്കുകയാണ് ഡോ.മാത്യു കുരുവിളയും കൂട്ടരും.അതിനാല്‍ തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന ഈ ആരോപണ കൊടുങ്കാറ്റുകളെയും കോടതിയുടെ കൂച്ചു വിലങ്ങുകളെയും എത്ര വേഗത്തില്‍ തരണം ചെയാന്‍ തങ്കു ബ്രദ റിനും കൂട്ടര്‍ക്കും ആവും എന്നാണു ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.തങ്കുബ്രദറിന്റ്റെ തന്നെ വാക്കുകളെ കടമെടുത്താല്‍ ഒരു ദൈവീക ഇടപെടല്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തെളിയുകയാണ്.അത് ആര്‍ക്ക് ഗുണകരമാവും എന്നാണ് നാം കാത്തിരുന്നു കാണേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല