1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

ചൊട്ടയിലെ ശീലം ചുടലവരെ എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. അതുകൊണ്ട് തന്നെ കേരളത്തിലെ മാതാപിതാക്കള്‍ അവരുടെ മക്കളെ ആവശ്യത്തിന് ശാസിച്ചും നേര്‍വഴിക്ക് നയിച്ചുമാണ് വളര്‍ത്തുന്നത്. എന്നാല്‍ ബ്രിട്ടനിലെ സ്ഥിതി നേരെ തിരിച്ചാണ് അവര്‍ തങ്ങളുടെ മക്കളെ അഴിച്ചു വിട്ടിരിക്കുകയുമാണ് ഒരുപരിധി വരെ ബ്രിട്ടനിലെ നിയമങ്ങള്‍ ഇതിനു കാരണമായിട്ടുണ്ട് എങ്കില്‍ കൂടിയും കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള കടമ മാതാപിതാക്കള്‍ക്ക്‌ തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടയില്ല. എന്തായാലും ഈ പ്രവണത ബ്രിട്ടനിലെ വരും തലമുറയെ ക്ഷുഭിതരും സാമൂഹ്യ വിരുദ്ധരും ആക്കി തീര്‍ക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന പഠനഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.

കുട്ടികളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടുന്നത് വഴി ബ്രിട്ടനിലെ കുട്ടികള്‍ ക്രിമിനലുകള്‍ ആകാന്‍ ഇരട്ടി സാധ്യതയാണെന്ന് പഠനം തെളിയിക്കുന്നു. കുട്ടികളെ നിയന്ത്രിച്ചും ശാസിച്ചും നല്ല രീതിയില്‍ വളര്‍ത്തണം എന്ന്ണ് നാല് മുതല്‍ ഏഴ് വയസുവരെ പ്രായമുള്ള കുട്ടികളുടെ മുന്നൂറ് കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നതെന്ന് നാഷണല്‍ അക്കാഡമി ഫോര്‍ പാരെന്റിംഗ് റിസര്‍ച്ചിലെ പ്രഫസര്‍ ആയ സ്റ്റീഫന്‍ കൊട്ട് പറഞ്ഞു. മോശം രീതിയില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ സാമൂഹ്യവിരുദ്ധര്‍ ആകാന്‍ ബ്രിട്ടീഷ്‌ സമൂഹത്തില്‍ ഇരട്ടി സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രക്ഷിതാക്കള്‍ അമിതമായി നിയന്ത്രിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന കുട്ടികളും ഇത്തരത്തില്‍ ക്രിമിനലുകള്‍ ആകാന്‍ സാധ്യത ഉണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ കുട്ടികള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ സ്കൂളില്‍ തുടങ്ങുകയും ശേഷം മദ്യം. മയക്കുമരുന്ന്, ഗാങ്ങുകള്‍ തുടങ്ങി പല തരത്തിലെക്കും തിരിയുകയും ചെയ്യുനുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ നന്നായി വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നതിന് തൊട്ടു പുറകെയാണ് ഇപ്പോള്‍ ഈ പഠനഫലവും പുറത്തു വന്നിരിക്കുന്നത്. കുട്ടികളിലെ ആശയവിനിമയശേഷി, അച്ചടക്കം എന്നിവയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ രണ്ടുവര്‍ഷ കോച്ചിംഗ് ആണ് അഞ്ച് മില്യന്‍ പൌണ്ട് മുടക്കി നടത്താന്‍ പോകുന്നത്. സമ്മര്‍ മുതല്‍ മിഡില്‍സ്ബോറോ, ടെര്‍ബിഷെയര്‍, നോര്‍ത്ത്‌ ലണ്ടന്‍ എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50000 കുടുംബങ്ങള്‍ക്ക്‌ ഇത്തരം ക്ലാസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പദ്ധതി വിജയകരമാകുന്ന പക്ഷം രാജ്യത്തുടനീളം പദ്ധതി വ്യാപിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം പഠനത്തില്‍ വിദ്യാഭ്യാസം കുറഞ്ഞ അമ്മമാരും വരുമാനം കുറഞ്ഞ അമ്മമാരും തങ്ങളുടെ മക്കളെ അച്ചടക്കത്തോടെ വളര്‍ത്താന്‍ ശ്രമിക്കുന്നതില്‍ വളരെ പിന്നിലാണെന്നും പറയുന്നുണ്ട്. എന്തായാലും ബ്രിട്ടന്‍ വരും തലമുറയെ അച്ചടക്കത്തോടെ വളര്‍ത്തിയെടുക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് വ്യക്തം. അതേസമയം മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ എന്ന തരത്തിലുള്ള സംശയങ്ങളുമായി ചില സാഹിത്യകാരന്മാരും ബ്രിട്ടനിലെ ഈ പ്രവണതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.