ഈജിപ്ഷ്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ പോപ്പും പ്രമുഖ കരിസ്മാറ്റിക് നേതാവുമായ ഷെനൂദ മൂന്നാമന്‍ അന്തരിച്ചു. നാലു ദശാബ്ദത്തോളം സമുദായത്തിനു മാര്‍ഗദര്‍ശിയായിരുന്ന അദ്ദേഹത്തിന് 88 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ഏതാനും ആഴ്ചകളായി ആരോഗ്യനില വഷളായിരുന്നു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ന്യൂനപക്ഷമാണ് കോപ്റ്റിക് ഓര്‍ത്തഡോക്സുകള്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെടുന്ന കോപ്റ്റിക്കുകള്‍ക്ക് ഈജിപ്റ്റില്‍ ഒരുകോടി അംഗങ്ങളുണ്ട്. ഇസ്ലാമിക ഭൂരിപക്ഷമുള്ള ഇവിടെ ഇരു മതങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദം വളര്‍ത്താന്‍ പോപ്പ് ഷെനൂദ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.
എന്നാല്‍ പ്രസിഡന്‍റ് ഹോസ്നി മുബാറക്ക് സ്ഥാനഭ്രഷ്ടനായശേഷം കോപ്റ്റിക് വിഭാഗക്കാര്‍ക്കുനേരേ മുസ്ലിം മത മൗലിക വാദികളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോപ്പിന്‍റെ നിര്യാണത്തെ വിശ്വാസികള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈജിപ്റ്റിലെ സൈനിക ഭരണ കൗണ്‍സില്‍ പോപ്പിന്‍റെ വേര്‍പാടില്‍ അനുശോചിച്ചു.
യുഎസ് പ്രസിഡന്റ് ഒബാമ തുടങ്ങിയവരും അനുശോചനം അറിയിച്ചു. അപ്പര്‍ ഈജിപ്തില്‍ അസ്യൂട്ടില്‍ 1923ലാണ് ഷെനൌദ മൂന്നാമന്റെ ജനനം.1954ല്‍ സന്യാസിയായി. സിറില്‍ പാത്രിയര്‍ക്കീസ് കാലംചെയ്തതിനെത്തുടര്‍ന്ന് 1971ലാണ് അദ്ദേഹം പിന്‍ഗാമിയായി നിയമിതനായത്. 1981ല്‍ അന്നത്തെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അദ്ദേഹത്തെ ഒരു ആശ്രമത്തില്‍ വീട്ടുതടങ്കലിലാക്കി. 1985ല്‍ മുബാറക്കാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല