മലയാളികളെക്കുറിച്ച് പലരും പലതും പറയും. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയപ്പോള്‍ നമ്മുടെ കണാരേട്ടന്റെ നീട്ടിയുള്ള ചായയടി കണ്ട് നീല്‍ ആങ്സ്ട്രോങ്ങും കൂട്ടരും അന്തവിട്ട കഥയൊക്കെ നാട്ടിലും ചന്ദ്രനിലും പാട്ടാണ്. എവിടെയും എപ്പോഴും എങ്ങനെ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന മലയാളിയുടെ ധീരതയാണ് ഇപ്പോള്‍ യുട്യൂബ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്. സംഗതി എവിടെയാണ് നടക്കുന്നതെന്നത് വ്യക്തമല്ല. പക്ഷേ കാര്യം വളരെ വ്യക്തമാണ്.
ഒരു ബൈക്കിന്റെ അടിയില്‍ പാമ്പ് കുടുങ്ങിപ്പോയി. ബൈക്കുകാരന് പാമ്പിനെ കണ്ട് മറിഞ്ഞു വീണതാകണം. എന്തായാലും പാമ്പ് ബൈക്കിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പത്ത് പതിനഞ്ചുപേര്‍ ബൈക്കിന് ചുറ്റും കൂടിനില്ക്കുന്നുണ്ട്. എന്നാല്‍ ആര്ക്കുമങ്ങ് ബൈക്കിനെ സമീപിക്കാന്‍ ധൈര്യം വരുന്നില്ല. ആകെ മൂന്ന് മിനിറ്റ് പതിനേഴ് സെക്കന്റുള്ള വീഡിയോയില്‍ പലതവണ പലരും ബൈക്കിനെ നീക്കി പാമ്പിനെ ഓടിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടക്കുന്നില്ല. അപ്പോഴാണ് ഹീറോ വരുന്നത്. മലയാള സിനിമയിലെ ഹീറോയെപ്പോലെതന്നെ ബുള്ളറ്റിലാണ് ഹീറോയുടെ വരവ്.
വന്നയുടന്‍ ബുള്ളറ്റ് നിര്‍ത്തിയിറങ്ങിയ ഹീറോആദ്യം ബൈക്കിന്റെയും പാമ്പിന്റെയും കിടപ്പ് വീക്ഷിക്കുന്നു.പിന്നീട് യാതൊരു കൂസലുമില്ലാതെ മറിഞ്ഞ് കിടക്കുന്ന ബൈക്ക് എടുത്ത് മാറ്റുന്നു. പാമ്പ് അയാളുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞ് കാട്ടിലേക്ക് പോകുന്നു. ആരെയും നോക്കാതെ ഹീറോ ബുള്ളറ്റിന് കയറാന്‍ തുടങ്ങുന്നതോടെ കാര്യം അവസാനിക്കുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വന്‍ കാഴ്ചക്കാരെ നേടുകയാണ്. അതിന് പറ്റിയ പേരുമാണ് ഇതിന് ഇട്ടിരിക്കുന്നത്. ഇപ്പോള്‍വരെ ഇതിന് 128,318 കാഴ്ചക്കാരെയാണ് കിട്ടിരിക്കുന്നത്. കേവലം അഞ്ച് ദിവസംകൊണ്ടാണ് ഇത്രയും പേര് ഇത് കണ്ടിരിക്കുന്നത് ആലോചിക്കണം.എന്തായാലും പാമ്പിന്റെയും ബൈക്കുടമയുടെയും വിഷമം മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ച ഈ യുവാവിന്റെ ധീരത പ്രശംസനീയം തന്നെ.
വീഡിയോ ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല