മരണമില്ലാത്തവരാകാന് സഹായിക്കുമെന്ന് കരുതപ്പെടുന്ന നാന്റിയോസ് കപ്പിനായി ബ്രട്ടനില്‍ നെട്ടോട്ടം. വെല്‍ഷ് ഹോളി ഗ്രെയില്‍ എന്നും അറിയപ്പെടുന്ന മരം കൊണ്ടുണ്ടാക്കിയ കപ്പ് യേശു അവസാനത്തെ അത്താഴ സമയത്ത് ഉപയോഗിച്ചതാണെന്ന് കരുതപ്പെടുന്നു. കപ്പ് സൂക്ഷിച്ചിരുന്ന ബ്രിട്ടനിലെ ഒരു വീട്ടില്‍ നിന്ന് കഴിഞ്ഞ ജൂലൈയില്‍ അത് മോഷ്ടിക്കപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കപ്പ് കൈവശം വച്ചിരുന്ന കുടുംബവും പോലീസും ഹോളി ഗ്രെയിലിനെ കുറിച്ച് എന്തെങ്കിലും വിവരം തരുന്നവര്‍ക്ക് 2,000 പൗണ്ട് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഹെര്ഫോര്ഡ്ഷയറിലുള്ള പ്രായമായ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നാണ് കപ്പ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
യേശുവിന്റെ ശവസംസ്കാര സമയത്ത് ജോസഫ് ഈ മരക്കപ്പ് ഉപയോഗിച്ച് ദൈവപുത്രന്റെ രക്തം ശേഖരിച്ചു എന്നും ഐതിഹ്യമുണ്ട്. തുടര്‍ന്ന് കപ്പുമായി ഇംഗ്ലണ്ടില്‍ എത്തിയ ജോസഫ് കപ്പ് സൂക്ഷിക്കാന്‍ ചിലരെ ചുമതലെപ്പെടുത്തുകയും തലമുറകള്‍ കൈമാറി കപ്പ് നാന്റിയോസ് കുടുംബത്തിന്റെ പക്കല്‍ എത്തുകയുമായിരുന്നു.
ദിവസേന നൂറുകണക്കിന് വിശ്വാസികളാണ് രോഗശാന്തിക്കായി കപ്പ് കാണാനെത്തിരിയുന്നത്. കപ്പില്‍ നിന്ന് ജലം കുടിച്ചാല്‍ രോഗം ശമിക്കുമെന്നാണ് വിശ്വാസം. ചിലരാകട്ടെ കപ്പില്‍നിന്ന് ചെറിയ കഷ്ണങ്ങള്‍ കടിച്ചെടുക്കുന്നതും പതിവാണ്.
നാന്റിയോസ് കുടുംബം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കപ്പ് അവരുടെ ബന്ധുവും രോഗിയുമായ ഒരു സ്ത്രീക്കു വേണ്ടി പുറത്തെടുക്കുകയായിരുന്നു. അവര്‍ ആശുപത്രിയില്‍ പോയ തക്കം നോക്കി മോഷ്ടാക്കാള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കപ്പും കൊണ്ട് തടിതപ്പുകയായിരുന്നു. എന്തായാലും പോലീസും നാന്റിയോസ് കുടുംബവും സമ്മാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കപ്പിനെ കുറിച്ച് എന്തെങ്കിലും തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് മലയാളികള്‍ അടക്കമുള്ള വിശ്വാസികളും അല്ലാത്തവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല