സ്വന്തം ലേഖകന്‍: ഗുഡ്‌മോര്‍ണിങ് സന്ദേശങ്ങളുടെ പ്രളയം; ഇന്ത്യക്കാരുടെ ആശംസാ പ്രവാഹം താങ്ങാനാവാതെ സമൂഹ മാധ്യമങ്ങള്‍ കിതക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. മൊബൈലിലും വാട്‌സ് ആപ്പിലും സമൂഹ മാധ്യമങ്ങളിലും ആശംസിച്ച് മത്സരിക്കുന്ന ഇന്ത്യക്കാരെ താങ്ങാനാകാതെ ഇന്റര്‍നെറ്റും കിതയ്ക്കുകയാണെന്ന് ‘വാള്‍സ്ട്രീറ്റ് ജേര്‍ണല്‍’ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യക്കാരുടെ ഗുഡ്‌മോണിങ് ഇന്റര്‍നെറ്റിന് താങ്ങാനാകുന്നില്ലെന്നാണ് മറ്റു രാജ്യക്കാരും പറയുന്നത്. ഗൂഗിള്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഇന്ത്യക്കാരുടെ ഗുഡ് മോര്‍ണിങ് മെസേജുകള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ മൂര്‍ധന്യത്തിലെത്തിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നില്‍ ഒരു ഫോണിന്റെയും മെമ്മറി നിറയുന്നതും ഗുഡ് മോര്‍ണിങ് മെസേജ് മൂലമാണ്. വികസിത രാജ്യമായ അമേരിക്കയില്‍ ഇത് പത്തില്‍ ഒന്നാണ് എന്നതും രസകരം. ടെക്സ്റ്റിന് പുറമെ, പൂക്കള്‍, ഉദയസൂര്യന്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇന്ത്യക്കാര്‍ സന്ദേശത്തില്‍ ഉപയോഗിക്കുന്നത്.
ഇന്റര്‍നെറ്റും ഫോണ്‍ മെമ്മറിയും വിഴുങ്ങാന്‍ ഇതും പ്രധാനകാരണമാണ്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട്ട് ഫോണും ലളിതമായ ഡാറ്റാ പ്ലാനുകളും മൂലം ചില ആളുകള്‍ ദിവസം ആരംഭിക്കുന്നത് തന്നെ മൊബൈല്‍ ഫോണിലാണ്. രാവിലെ എട്ട് മണിക്ക് മുമ്പുള്ള സമയത്താണ് ഗുഡ് മോര്‍ണിങ് മെസേജിലൂടെ കൂടുതല്‍ ഇന്ത്യക്കാരും ഇന്റര്‍നെറ്റിനെ വിഴുങ്ങുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല