സ്വന്തം ലേഖകള്‍: ആരുമറിയാതെ അനാഥശവമായി ഒരു രാജകുമാരന്റെ അന്ത്യം, അവധ് രാജകുടുംബത്തിലെ അവസാന കണ്ണിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലെ മാള്‍ച്ച മഹല്‍ എന്ന പഴയ കോട്ടയിലാണ് 58 കാരനായ അലി റാസയെന്ന അവധ് രാജകുടുംബത്തിലെ പിന്തുടര്‍ച്ചക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതിയോ ജലവിതരണസൗകര്യമോ ഇല്ലാത്ത, 14 ആം നൂറ്റാണ്ടില്‍ ഫിറോസ്ഷാ തുഗ്ലക്ക് നിര്‍മിച്ച മാള്‍ച്ച മഹലില്‍ അലിയുടെ മരണം പുറംലോകമറിഞ്ഞത് ദിവസങ്ങള്‍ക്കുശേഷം മാത്രം.
ആരുമറിയാതെ മരിച്ചുകിടന്ന അലി റാസയുടെ മൃതദേഹം തൊട്ടടുത്തുള്ള ഐ.എസ്.ആര്‍.ഒ. എര്‍ത്ത് സ്റ്റേഷനിലെ ജീവനക്കാരാണ് കണ്ടെത്തിയത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു സംഭവം. ഇടയ്ക്കിടെ സൈക്കിള്‍ സവാരിക്കിറങ്ങുന്ന രാജകുമാരനെ ദിവസങ്ങളായി കാണാത്തതിനാല്‍ ജീവനക്കാര്‍ കൊട്ടാരത്തില്‍ച്ചെന്ന് നോക്കുകയായിരുന്നു. തകരാറിലായ ടൈപ്പ്‌റൈറ്ററും ഏതാനും പിച്ചളപ്പാത്രങ്ങളും ദ്രവിച്ച വാളുമൊക്കെയായി രാജവംശത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രാജകുമാരന്റെ മൃതദേഹം കണ്ടെത്തി.
എര്‍ത്ത് സ്റ്റേഷന്‍ ജീവനക്കാര്‍ ഉടന്‍ പോലീസിനെ അറിയിച്ചു. അവകാശികളായി ആരുമെത്താത്തതിനാല്‍ സെപ്റ്റംബര്‍ അഞ്ചിന് ദില്ലി ഗേറ്റ് ശ്മശാനത്തില്‍ പോലീസുതന്നെ അലിയുടെ മൃതദേഹം സംസ്‌കരിച്ചു. 1856 ല്‍ ബ്രിട്ടീഷ് ഭരണകൂടം അവധ് നവാബിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. പില്‍ക്കാലത്ത് ഇവര്‍ക്കനുവദിച്ച ഔദ്യോഗിക വസതികളൊക്കെ നിഷേധിച്ചാണ് മാറാലകെട്ടിയ മാള്‍ച്ച മഹലില്‍ അവധ് രാജകുടുംബം താമസിച്ചിരുന്നത്. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ഈ കുടുംബത്തിന് ശ്രീനഗറില്‍ ഒരു ചെറിയ കൊട്ടാരം അനുവദിച്ചിരുന്നു.
അവിടെ തീപ്പിടിത്തമുണ്ടായപ്പോള്‍ രാജ്ഞി ബേഗം വിലായത്ത് മഹല്‍ മക്കളായ സക്കീനയെയും അലി റാസയെയും ഏതാനും പരിചാരകരെയും കൂട്ടി ഡല്‍ഹിയിലെത്തി. മാള്‍ച്ച മഹലില്‍ താമസിക്കാന്‍ ഇവര്‍ക്ക് ഒരു പോരാട്ടംതന്നെ വേണ്ടിവന്നു. അധികൃതരോട് തന്റെ രാജകീയപ്രൗഢിക്ക് യോജിച്ച താമസസ്ഥലം ആവശ്യപ്പെട്ട അവര്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പു കേന്ദ്രത്തില്‍ താമസം തുടങ്ങി. അവകാശപ്പെട്ട താമസസ്ഥലത്തിനായി ആത്മഹത്യാഭീഷണിയും മുഴക്കി.
വിഷയം പാര്‍ലമെന്റില്‍ ഒച്ചപ്പാടായപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് മാള്‍ച്ച മഹല്‍ അവര്‍ക്ക് അനുവദിക്കുകയായിരുന്നു. 1985 മേയ് 28ന് ബേഗവും കുടുംബവും ഇവിടേക്ക് മാറി. ഇവിടേക്ക് ആര്‍ക്കും പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. കാവല്‍ക്കാരായി 12 നായ്ക്കളുണ്ടായിരുന്നു. ഏതാനും വിദേശ മാധ്യമപ്രവര്‍ത്തകര്‍ മാത്രമായിരുന്നു സന്ദര്‍ശകര്‍. 1993ല്‍ ബേഗം ആത്മഹത്യ ചെയ്തു. നാലു വര്‍ഷം മുമ്പ് സക്കീനയും മരിച്ചു. ഏകാന്ത ജീവിതം നയിച്ച അലി റാസയും മരിച്ചതോടെ രാജകുടുംബവും ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല