1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ഡോക്റ്ററോടും വക്കീലിനോടും നുണ പറയരുതെന്ന് എല്ലാവരും പറയും, എന്നാല്‍ വക്കീലിനോട് കളവ് പറഞ്ഞാലും നമ്മളാരും ഡോക്റ്ററോടും നെഴ്സിനോടും കളവ് പറയാറില്ല. കാരണം മറ്റൊന്നുമല്ല നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണെന്നത് തന്നെ. അതുപോലെതന്നെ ഡോക്റ്റര്‍ അല്ലെങ്കില്‍ നേഴ്സ് നമ്മുടെ രോഗ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന വിശ്വാസവും നമുക്കുണ്ട് എന്നാല്‍ ഈ വിശ്വാസമാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ രോഗികളെ സംബന്ധിച്ച് പരമ രഹസ്യമാക്കി വെക്കേണ്ട വിവരങ്ങള്‍ പുറത്തു വിടുന്നു എന്ന വിവരമാണ് കഴിഞ്ഞ രാത്രി പുറത്ത് വന്നിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാര്‍ ശരാശരി ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും തങ്ങളുടെ രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ടത്രേ. ഫേസ്ബുക്ക് എന്നത് ഒരു സമൂഹമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഈ പ്രവണത നടുറോഡില്‍ മൈക്ക് എടുത്തു വിളിച്ചു പറയുന്നതിന് സമാനമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 802 പ്രാവശ്യമാണ് ഇത്തരത്തില്‍ രോഗികളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമാക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ തന്നെ പകുതിയിലധികം ആശുപത്രികളിലെയും എന്‍എച്ച്എസിലെയും ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും ഞെട്ടിക്കുന്ന കേസുകളില്‍ ഒന്നെന്നു പറയുന്നത് നോട്ടിംഗ്ഹാം മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ആരോഗ്യ ജീവനക്കാരന്‍ ഒരു രോഗി കിടന്നുറങ്ങുന്ന ഫോട്ടോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റില്‍ പരസ്യമാക്കി എന്നതാണ്. മെഡിക്കല്‍ ഫയലുകള്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇത്തരം സൈട്ടുകളിലൂറെ കൈമാറിയ 91 സംഭവങ്ങളും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ഹാള്‍ പ്രൈമറി കെയര്‍ ട്രസ്റ്റിലെ ഡേറ്റ ക്വാളിറ്റി മാനേജരായ ഡെല്‍ ട്രീവറിനെ സര്‍വീസില്‍ നിന്നും സസ്പെന്ഡ് ചെയ്യുകയും ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

ബിഗ്‌ ബ്രദര്‍ വാച്ച് ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. അതേസമയം മെഡിക്കല്‍ നോട്ടുകള്‍, കമ്പ്യൂട്ടര്‍ ഡിസ്ക്സ്, തുടങ്ങിയവയില്‍ നിന്നും രോഗികളെ സംബന്ധിച്ച മറ്റാരും അറിയാന്‍ പാടില്ലെന്ന് രോഗികള്‍ ആഗ്രഹിക്കുന്നതുമായ വിവരങ്ങള്‍ മോഷണം പോയ 57 കേസുകളും ഇവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും രോഗവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന തങ്ങളുടെ കടമ ആരോഗ്യ ജീവനക്കാര്‍ ലംഘിക്കുന്നത് അനുവദനീയമല്ലെന്ന നിലപാടിലാണ് അധികൃതര്‍. 350 എന്‍എച്ച്എസ് ട്രസ്ട്ടുകളിലും ഹോസ്പിറ്റലുകളിലും നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ബിഗ്‌ ബ്രദര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.