ബോളിവുഡ് സുന്ദരിമാരുടെ ആശ്രയകേന്ദ്രമായിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ മിലന്‍ ലുത്രിയ. ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ വിദ്യാ ബാലനെ ഹിന്ദി സിനിമയുടെ ഹോട്ട് റാണിമാരില്‍ ഒന്നാമതെത്തിച്ചത് ലുത്രിയയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിലെ നായികയാകാന്‍ ഹിന്ദി നായികമാര്‍ തമ്മില്‍ കടുത്ത മത്സരത്തിലാണ്.
മിലന്‍ ലുത്രിയ അടുത്തതായി ചെയ്യുന്ന ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ – 2’ ആണ്. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്‍റെ ജീവിതകഥയാണ് ചിത്രത്തിന് പ്രമേയമാകുന്നത്.
ദാവൂദ് ഇബ്രാഹിമിന്‍റെ ഗേള്‍ ഫ്രണ്ടായിരുന്ന നടി മന്ദാകിനിയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം. മന്ദാകിനിയെ സ്ക്രീനില്‍ അവതരിപ്പിക്കാനാണ് ബോളിവുഡിലെ ഒന്നാംനിര നായികമാര്‍ തമ്മില്‍ മത്സരം നടക്കുന്നത്.
ആറുമാസം മുമ്പുതന്നെ, താനാണ് മന്ദാകിനിയാകുന്നതെന്ന് കരീനാ കപൂര്‍ അവകാശവാദമുന്നയിച്ചിരുന്നു. “മന്ദാകിനിയുടെ ഫെയ്മസ് ഗാനരംഗം രാം തേരി ഗംഗാ മെയ്‌ലിയും ഞാന്‍ അവതരിപ്പിക്കും” – കരീന വ്യക്തമാക്കി. ആ ഗാനരംഗത്തില്‍ അര്‍ദ്ധനഗ്നയായി വെള്ളച്ചാട്ടത്തില്‍ നീരാടുന്ന മന്ദാകിനിയുടെ രംഗങ്ങള്‍ അക്കാലത്തെ ഏറ്റവും ഹോട്ട് ഗാനരംഗങ്ങളില്‍ ഒന്നായിരുന്നു.
എന്നാല്‍ പിന്നീട് ദീപിക പദുക്കോണ്‍ ഈ ചിത്രത്തിലെ നായികയാകുമെന്ന പ്രഖ്യാപനം നടത്തി. അതിന് ശേഷം കങ്കണ റനൌത്തും മന്ദാകിനിയാകാന്‍ രംഗത്തെത്തി. (ഓര്‍ക്കുക – വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ആദ്യഭാഗത്തില്‍ അധോലോക നായകന്‍ ഹാജിമസ്താന്‍റെ കാമുകിയായി അഭിനയിച്ച താരമാണ് കങ്കണ റനൌത്ത്. അവര്‍ പുതിയ ചിത്രത്തില്‍ ദാവൂദിന്‍റെ കാമുകിയാകുന്നതെങ്ങനെ? – ചോദ്യം ന്യായമാണ്).
ഏറ്റവും ഒടുവിലായി കേള്‍ക്കുന്നത് ‘ദബാംഗ്’ ഗേള്‍ സോനാക്ഷി സിന്‍ഹയാണ് മന്ദാകിനിയുടെ വേഷത്തിലേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ്. എന്തായാലും സംവിധായകന്‍ മിലന്‍ ലുത്രിയയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
“ഞാന്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ അത് പൂര്‍ത്തിയാകുമെന്ന് കരുതുന്നു. അതിന് ശേഷം നായികയെ തീരുമാനിക്കും. എന്തായാലും അത് കങ്കണ റനൌത്ത് ആയിരിക്കില്ല” – മിലന്‍ ലുത്രിയ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അക്ഷയ് കുമാറാണ് ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ – 2’ല്‍ ദാവൂദ് ഇബ്രാഹിമിനെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല