സ്വന്തം ലേഖകൻ: ഇൻഫോഗ്രാഫിക് സയൻസ് ആൻഡ് ടെക്നോളജി വിഡിയോകൾക്കു പേരുകേട്ട ചലച്ചിത്ര നിർമാതാവും യൂട്യൂബറുമായ ഹാഷിം അൽ-ഗൈലി രൂപകല്‍പ്പന ചെയ്യുന്ന ഹോട്ടലിനു ‘സ്കൈ ക്രൂയിസ് ഹോട്ടൽ’ എന്നാണു പേര്. പൈലറ്റില്ല, ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ല, കൂടാതെ ഭാഗ്യമുണ്ടെങ്കില്‍ രാത്രികളില്‍ പ്രകാശവിസ്മയമായ നോര്‍ത്തേണ്‍ ലൈറ്റ്സ് തൊട്ടടുത്ത് കാണാം.
ഏകദേശം 5,000 യാത്രക്കാരെ വഹിക്കാൻ കഴിവുള്ള ഹോട്ടലിനുള്ള ശ്രമമാണ്. ദിവസങ്ങളോ മാസങ്ങളോ പോലും വായുവിൽ തുടരാന്‍ ഇതിനാകും. ഒരിക്കലും ഇറങ്ങേണ്ടാത്ത വിധത്തിലാണ് ഇതിന്‍റെ രൂപകൽപന. 20 ന്യൂക്ലിയർ ഫ്യൂഷൻ എൻജിനുകളാണ് ക്രൂയിസിന് കരുത്തേകുക. സ്കൈ ക്രൂസ് വായുവിൽ ആയിരിക്കുമ്പോൾ തന്നെ അറ്റകുറ്റപ്പണികളും മറ്റും നടത്തും.
എഐ പൈലറ്റഡ് ആയതിനാല്‍ പ്രത്യേകം ഒരു പൈലറ്റ് ഇതിനുള്ളില്‍ ആവശ്യമില്ല. യാത്രക്കാരെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യും. ആകാശത്തിന്‍റെ 360 ഡിഗ്രി കാഴ്ചയൊരുക്കുന്ന ഹോട്ടലില്‍, വിനോദ ഡെക്ക്, ഒരു ഷോപ്പിങ് മാൾ, സ്‌പോർട്‌സ് സെന്റർ, റസ്റ്ററന്റ്, ബാർ, കളിസ്ഥലം, സിനിമ, വിവാഹ ഹാൾ, നീന്തൽക്കുളങ്ങൾ, മീറ്റിങ് ഹാൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളുണ്ടാകും.
കഴിഞ്ഞ വര്‍ഷമാണ് ഇത്തരമൊരു ഹോട്ടല്‍ ഉടന്‍ വരുമെന്ന് ഹാഷിം അൽഗൈലി പ്രഖ്യാപിച്ചത്. കേള്‍ക്കുമ്പോള്‍ വളരെയധികം രസകരമാണെങ്കിലും, ഇതേക്കുറിച്ച് ഒട്ടേറെ ആശങ്കകള്‍ പെട്ടെന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു. ന്യൂക്ലിയർ റിയാക്ടറിൽ പ്രവർത്തിക്കുന്ന ഒരു വിമാനം തകർന്നാൽ ഒരു നഗരത്തെത്തന്നെ തുടച്ചുനീക്കാന്‍ അതിനു കഴിയും.
വൻതോതിലുള്ള വികസന ചെലവും മറ്റൊരു ആശങ്കയാണ്. ഇത്തരമൊരു യാത്രയ്ക്ക് വലിയ ചെലവ് വരുമെന്നും സമ്പന്നർക്ക് മാത്രമേ ഈ ഹോട്ടൽ ബുക്ക് ചെയ്യാൻ കഴിയൂ എന്നതും യാഥാർഥ്യമാണ്. വളരെവേഗം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും ഇതുവരെ ഈ ഹോട്ടല്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല