മുതലാളിത്വത്തിനെതിരായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ബ്രിട്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിന്റെ മുറ്റത്ത് നടക്കുന്ന സമരത്തെക്കുറിച്ച് കൗതുകകരമായ കണ്ടെത്തല്‍. സമരം മൂലം കത്തീഡ്രല്‍ അടച്ചിട്ടെങ്കിലും പള്ളിമുറ്റത്തെ തൊണ്ണൂറു ശതമാനം ടെന്റുകളും രാത്രി ഒഴിയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തെര്‍മല്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഡെയ്‌ലി മെയില്‍ പത്രമാണ് സമരപ്പന്തലുകള്‍ നിരീക്ഷിക്കാന്‍ കത്തീഡ്രലിന് സമീപം തെര്‍മല്‍ ക്യമാറ സ്ഥാപിച്ചത്. നേരത്തെ പൊലീസ് ഹെലികോപ്ടറില്‍ നിന്നും എടുത്ത ചിത്രങ്ങളിലും പള്ളിക്ക് മുമ്പിലെ സമരപ്പന്തലില്‍ പത്തില്‍ ഒന്നില്‍ മാത്രമാണ് രാത്രി ആള്‍താമസം ഉള്ളതെന്ന് തെളിഞ്ഞിരുന്നു.
മനുഷ്യന്റെ ശരീര ഊഷ്മാവ് പിടിച്ചെടുത്താണ് തെര്‍മല്‍ ക്യാമറ പ്രവര്‍ത്തിക്കുന്നത്. ശരീര ഊഷ്മാവ് അനുഭവപ്പെടുന്ന ടെന്റുകളെ പച്ചയും ചുവപ്പും നിറങ്ങളിലും ഊഷ്മാവ് അനുഭവപ്പെടാത്ത ടെന്റുകളെ പര്‍പ്പിള്‍ നിറത്തിലും അടയാളപ്പെടുത്തുകയാണ് ഈ ക്യാമറ ചെയ്യുന്നത്. രാത്രിയിലെ കൊടും തണുപ്പു മൂലം ഭൂരിഭാഗം പ്രതിഷേധക്കാരും രാത്രിയാകുമ്പോള്‍ വീടുകളിലേക്ക് മടങ്ങുകയോ ഹോട്ടലുകളില്‍ മുറികള്‍ എടുക്കുകയോ ചെയ്യുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഒരു പാര്‍ട് ടൈം പ്രതിഷേധമായിട്ടു പോലും സമരം മൂലം ചരിത്രത്തിലാദ്യമായി സെന്റ് പോള്‍സ് കത്തീഡ്രല്‍ അടച്ചിടാന്‍ പള്ളി അധികൃതരും നിര്‍ബന്ധിതരായിരിക്കുകയാണ്. ഏതാണ്ട് കോടിക്കണക്കിന് പൗണ്ടിന്റെ വരുമാന നഷ്ടമാണ് സമരം മൂലം പള്ളിക്കുണ്ടായിരിക്കുന്നത്.
രാത്രിയില്‍ കാലിയാകുന്ന ടെന്റുകള്‍ ഒഴിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ലണ്ടന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെങ്കിലും ടെന്റുകള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. തങ്ങള്‍ക്കെതിരായി നീണ്ട കാലം നിയമയുദ്ധത്തില്‍ ഏര്‍പ്പെടുന്ന പണം മതി സ്‌കൂളുകളിലും ആശുപത്രികളിലും മറ്റും നവീകരണങ്ങള്‍ക്കായി മുടക്കാന്‍ എന്നാണ് സമരക്കാര്‍ പറയുന്നത്. അധികൃതരും ഇത് ശരിവയ്ക്കുന്നുണ്ട്.
രാത്രിയില്‍ സമരപ്പന്തലുകള്‍ ഒഴിഞ്ഞു പോകുന്നവരെ ഒഴിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് ടോറി എം പി മാര്‍ക്ക് ഫീല്‍ഡും അറിയിച്ചു. എന്നാല്‍ സമരക്കാര്‍ക്ക് തങ്ങളുടെ കുടുംബകാര്യങ്ങളും ശ്രദ്ധിക്കണമെന്നും ജോലിക്ക് പോകുന്നവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് പകുതി സമയ സമരക്കാരനാണെന്ന് വ്യക്തമാക്കിയ റോബിന്‍ സ്മിത് പറയുന്നത്. താന്‍ ആഴ്ചയില്‍ മൂന്ന് രാത്രിയെങ്കിലും വീട്ടില്‍ പോകുകയും വീട് വൃത്തിയാക്കിയ ശേഷം തിരിച്ച് ടെന്റിലെത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും ലണ്ടനിലെ തണുത്തുറഞ്ഞ തെരുവുകളില്‍ തങ്ങള്‍ കിടന്നുറങ്ങുമെന്നാണ് സമരക്കാരുടെ മുദ്രാവാക്യം. ഈ മുദ്രാവാക്യം സമരക്കാര്‍ പാലിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം മനുഷ്യാവകാശ നിയമത്തെ ഭയന്ന് നഗരസഭാ അധികൃതര്‍ക്ക് സമരക്കാരെ ഒഴിപ്പിക്കാന്‍ സാധിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല