സ്വന്തം ലേഖകന്‍: ട്രംപിന്റെ വ്യാജ വാര്‍ത്താ പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസിന്; യുഎസ് പ്രസിഡന്റും മാധ്യമങ്ങളും വീണ്ടും ഉരസുന്നു. എബിസി ന്യൂസ്, സിഎന്‍എന്‍, ടൈം, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ട്രംപിന്റെ പുരസ്‌കാരപ്പട്ടികയിലുണ്ട്. ട്വിറ്ററിലാണു ട്രംപ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തനിക്കും തന്റെ ഭരണത്തിനുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയാണു പ്രമുഖ യുഎസ് മാധ്യമങ്ങളെന്നാണു ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പു കാലത്തും ഭരണത്തിലെത്തിയ ശേഷവും മാധ്യമങ്ങളുമായി സംഘര്‍ഷഭരിതമായ ബന്ധമാണു ട്രംപിന്.
ട്രംപ് തിരഞ്ഞെടുപ്പു ജയിച്ച ദിവസം, യുഎസ് സമ്പദ്!വ്യവസ്ഥ തകര്‍ച്ചയില്‍നിന്ന് ഒരിക്കലും കരകയറില്ലെന്നു റിപ്പോര്‍ട്ട് കൊടുത്തതിനാണു ന്യൂയോര്‍ക്ക് ടൈംസിന് ഒന്നാം സ്ഥാനം നല്‍കിയത്. സാമ്പത്തിക നൊബേല്‍ ജേതാവ് പോള്‍ ക്രുഗ്!മാനാണ് ഈ വാര്‍ത്തയെഴുതിയത്. തിരഞ്ഞെടുപ്പിനു മുന്‍പു റഷ്യയുമായി ബന്ധപ്പെടാന്‍ ട്രംപ് ശ്രമിച്ചുവെന്നു റിപ്പോര്‍ട്ട് ചെയ്ത എബിസി ന്യൂസിന്റെ ബ്രയാന്‍ റോസാണു രണ്ടാം സ്ഥാനത്ത്. വിക്കിലീക്‌സ് രേഖകള്‍ ട്രംപിനും മകന്‍ ട്രംപ് ജൂനിയറിനും ലഭിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്‍ മൂന്നാമതെത്തി.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍നിന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പ്രതിമ നീക്കം ചെയ്തുവെന്നു റിപ്പോര്‍ട്ട് ചെയ്ത ടൈം മാഗസിന്‍ നാലാം സ്ഥാനവും ട്രംപ് ഫ്‌ലോറിഡയില്‍ നടത്തിയ റാലിയില്‍ ആളില്ലായിരുന്നുവെന്നു റിപ്പോര്‍ട്ട് ചെയ്ത വാഷിങ്ടണ്‍ പോസ്റ്റ് അഞ്ചാം സ്ഥാനവും നേടി. കപട മാധ്യമങ്ങള്‍ തന്റെ ഭരണത്തിന്റെ യഥാര്‍ഥ നേട്ടങ്ങള്‍ മറച്ചുവച്ചു വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നു ട്വീറ്റില്‍ ട്രംപ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല