വരും ദശകങ്ങളില്‍ ലോകം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാകുമെന്ന് അമേരിക്കയുടെ ഔദ്യോഗിക പഠനറിപ്പോര്‍ട്ട്. ജലദൗര്‍ലഭ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തെക്കനേഷ്യ, വടക്കേ ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഭരണ സുസ്ഥിരതപോലും അവതാളത്തിലാക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്കുന്നു.
തെക്കനേഷ്യയിലെ ബ്രഹ്മപുത്ര, അറബ് മേഖലയിലെ യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികളുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജലസമ്പത്തിനെ രാജ്യങ്ങള്‍ അവരവരുടെ രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങള്‍ നിറവേറ്റാനുള്ള വിലപേശല്‍ ശക്തിയായി പ്രയോജനപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്.
വന്ഡാമുകളും ശുദ്ധീകരണസംവിധാനങ്ങളും ഭീകരാക്രമണത്തിന് ഇരയായേക്കും. ബലഹീനമായ രാജ്യങ്ങളുടെ തകര്ച്ചയ്ക്കുവരെ ജലക്ഷാമം കാരണമാകും. അമേരിക്കയെ സംബന്ധിച്ച് പ്രാധാന്യമുള്ള പല രാജ്യങ്ങളിലും ജലദൗര്‍ലഭ്യം പ്രതിസന്ധി സൃഷ്ടിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു.
യു.എസ്. പഠനം മുഖവിലയ്ക്കെടുക്കാമെങ്കില്‍ ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ വരും ദശകങ്ങളില്‍ കടുത്ത ജലക്ഷാമത്തിലാകും. ബ്രഹ്മപുത്ര നദി ഒഴുകുന്നത് ഈ രാജ്യങ്ങളിലൂടെയാണ്. ഇന്ത്യയില്‍ അസം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് സ്ഥിതി കൂടുതല്‍ ബാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല