സ്വന്തം ലേഖകന്‍: ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയി, ലിയാണ്ടര്‍ പേസുമായുള്ള വിവാഹ മോചനക്കേസില്‍ റിയാ പിള്ളയ്ക്ക് നഷ്ടം 90 ലക്ഷം രൂപ! വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനു ശേഷം കോടതിയില്‍ പൂജ്യം എഴുതാന്‍ വിട്ടുപോയപ്പോള്‍ റിയ പിള്ളയ്ക്കു നഷ്ടപ്പെട്ടത് 90 ലക്ഷം രൂപയാണ്. ദാമ്പത്യ പ്രശ്‌നങ്ങളെത്തുടന്ന് ടെന്നീസ് താരം ലിയാന്‍ഡര്‍ പേസുമായുള്ള ബന്ധം വേര്‍പിരിഞ്ഞ റിയ പിള്ള 2014ല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
വിവാഹ മോചനം നല്‍കാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. പക്ഷേ, റിയ കേസ് ഏല്‍പ്പിച്ച വക്കീല്‍മാര്‍ക്കു വന്‍ പിഴവു പറ്റി. ഒരു കോടി രൂപ എന്നെഴുതിയപ്പോള്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ വക്കീല്‍ മറന്നു പോയി. ഇതോടെ തുക വെറും പത്തു ലക്ഷമായി. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം വാദം കേട്ടപ്പോള്‍ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങിയതുകണ്ട് റിയയും അഭിഭാഷകരും ഞെട്ടി.
ഉടന്‍തന്നെ അഭിഭാഷകരായ ഗുഞ്ജന്‍ മംഗളയും അംന ഉസ്മാനും ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ മറന്നു പോയതായി ജഡ്ജി മഹേഷ് ജത് മലാനിയോട് ബോധിപ്പിച്ചു. കോടതിയുടെ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം കണക്കാക്കിയിരുന്നു. എന്തായാലും ഒരു പൂജ്യം എഴുതി ചേര്‍ക്കാന്‍ വിട്ടുപോയതാണെന്ന് കാട്ടി അഭിഭാഷകര്‍ ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.
കുട്ടിയുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതില്‍ പേസ് പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് റിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2010ല്‍ സ്‌കൂളില്‍ ചേര്‍ത്ത കുട്ടിയുടെ ഫീസും കാര്യങ്ങളും 2013 മുതലാണ് പേസ് വഹിച്ചു തുടങ്ങിയതെന്നും ജനിച്ചപ്പോള്‍ മുതല്‍ അതുവരെയുള്ള കുട്ടിയുടെ ചിലവുകള്‍ താന്‍ ഒറ്റയ്ക്കാണു വഹിച്ചതെന്നും ഇവര്‍ പറയുന്നു. കുട്ടിയെ മാനസികമായും സാമ്പത്തികമായും പിന്തുണയ്ക്കാന്‍ പേസ് പരാജയപ്പെട്ടുവന്നും ഇവര്‍ ആരോപിക്കുന്നു.
ഓരോ മാസവും തനിക്കും മകള്‍ക്കും 2.62 ലക്ഷം വീതം നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ റിയ ആവശ്യപ്പെട്ടത്. മാത്രമല്ല ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി തുടങ്ങിയ കാറുകളില്‍ ഒന്നും പേസില്‍നിന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ആകെ 1.43 കോടി രൂപയാണ് റിയ പിള്ള പേസില്‍ നിന്നും ആവശ്യപ്പെടുന്നത്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം പേസുമായുള്ള ബന്ധം ആരംഭിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല