സ്വന്തം ലേഖകന്‍: കേരളത്തിലെ നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം, ക്രിസ്മസ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍. അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തു. ഇതോടെ സിനിമാരംഗം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
സിനിമയുടെ തീയേറ്റര്‍ വിഹിതം പങ്കുവെയ്ക്കുന്ന കാര്യത്തിലുള്ള തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണം. നേരത്തേ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനം തീയറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനം എന്നത് 5050 എന്നാക്കി മാറ്റണമെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനം എടുത്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. തീരുമാനം ഏകപക്ഷീയമായി എടുത്തെന്ന് ആരോപിച്ച് വിതരണക്കാരും രംഗത്തെത്തി.
അതേസമയം തീരുമാനത്തിന് മാറ്റമില്ലെന്ന നിലപാടിലാണ് തീയറ്റര്‍ ഉടമകളും. ഇതോടെ സിനിമാ നിര്‍മ്മാതാക്കള്‍ ചിത്രീകരണ ജോലികള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിനിമാ പ്രതിസന്ധി മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവരുടെ ചിത്രങ്ങളെ ബാധിച്ചിരിക്കുകയാണ്.
ക്രിസ്മസ് ചിത്രങ്ങളായ മോഹന്‍ലാലിന്റെ ജിബുജേക്കബ് ചിത്രം മുന്തിരി വള്ളി തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രം എസ്ര, ജയസൂര്യയുടെ സിദ്ദിഖ് ചിത്രം ഫുക്രി, സത്യന്‍ അന്തിക്കാട് ദുല്‍ക്കറിനെ നായകനാക്കി ചെയ്യുന്ന ജോമോന്റെ സുവിശേഷം എന്നിവയാണ് റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല