തേജാഭായ് ആന്‍ഡ് ഫാമിലിയുടെ തിരക്കഥ വായിച്ച് താന്‍ ചിരിച്ച് ചിരിച്ച് കരഞ്ഞുപോയെന്നാണ് പൃഥിരാജ് വെളിപ്പെടുത്തത്. അതുകേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും മോശം തിരക്കഥ വായിച്ചിട്ടാണ് ആളുകള്‍ ചിരിക്കുന്നതെന്ന്. എന്നാല്‍ തിരക്കഥയിലെ തമാശ മുഹൂര്‍ത്തങ്ങള്‍ വായിച്ചിട്ടാണത്രേ പൃഥിരാജ് ചിരിച്ചുമറിഞ്ഞത്. ചിരിച്ചുചിരിച്ച് കരഞ്ഞുപോയെന്നും പൃഥിരാജ് വീമ്പിളക്കുന്നുണ്ട്. എന്നാല്‍ പൃഥിരാജിനെ ചിരിപ്പിച്ച് കരയിപ്പിച്ച തേജാഭായ് ആന്‍ഡ് ഫാമിലി കണ്ടിട്ട് മലയാളികള്‍ ഒന്നടങ്കം കൂട്ടത്തോടെ കരയുകയാണ് എന്നാണ് കേള്‍ക്കുന്നത്.
മലേഷ്യയിലെ ഏറ്റവും വലിയ അധോലോക നായകനായ തേജാഭായ് (പ്രിഥ്വിരാജ്) സാമൂഹികപ്രവര്‍ത്തകയായ വേദികയെ (അഖില) പ്രണയിക്കുന്നു. കാമുകന്‍ ‘സര്‍വശക്തനായ’ അധോലോക നായകനാണെന്ന കാര്യം പാവം നായികക്ക് അറിയില്ല. ഈ പറയുന്ന വേദികയുടെ അച്ഛന്‍ മകളെ നല്ലൊരുത്തന് മാത്രമെ കെട്ടിച്ചുകൊടുക്കു എന്ന വാശിയിലാണ്. അങ്ങനെ നല്ലൊരുത്തന്‍ ആകാനുള്ള പൃഥിയുടെ പെടാപ്പാടുകളാണ് സിനിമയെന്നാണ് പറയുന്നത്. എന്നാല്‍ അത് കണ്ട് മലയാളികള്‍ പാടുപെടുകയാണ് എന്നും പറയാം.
വേദികയെ സ്വന്തമാക്കാനായി വേദികയുടെ പിതാവിന്റെ ആത്മീയ ഗുരുവിനെ (സുരാജ് വെഞ്ഞാറമ്മൂട്) ഭീഷണിപ്പെടുത്തി പാട്ടിലാക്കുന്നു. പീന്നിട് തേജാഭായിയും ആത്മീയ ഗുരുവും കേരളത്തിലെത്തി വലിയൊരു ബംഗ്ലാവില്‍ താമസമാക്കുന്നു. തേജാഭായി ബന്ധുക്കളെ തേടി നല്‍കുന്ന പത്രപ്പരസ്യം കണ്ടെത്തുന്ന ഊരും പേരുമില്ലാത്ത നിരവധി കഥാപാത്രങ്ങള്‍ (ജഗദീഷ് മുതല്‍ കുളപ്പുള്ളി ലീല വരെയുള്ളവര്‍) ഹാസ്യമെന്ന പേരില്‍ കാഴ്ചവെക്കുന്ന വിക്രിയകളാണ് ഈ സിനിമെന്നാണ് കാണികള്‍ പറയുന്നത്. ഇതില്‍ പൃഥിരാജിനെക്കാളും ബോറ് സുരാജ് വെഞ്ഞാറമൂട് ആണെന്നകാര്യം സുവ്യക്തമാണെന്നും പറയപ്പെടുന്നു.
അങ്ങനെയുള്ള തേജാഭായ് ആന്‍ഡ് ഫാമിലിയുടെ തിരക്കഥ വായിച്ചിട്ടാണ് ചിരിച്ച് ചിരിച്ച് കരഞ്ഞതെന്ന് പൃഥിരാജ് പറയുന്നത്. ഈ ചിത്രം ഇപ്പോള്‍ കേരളക്കരയാകെ ഏറ്റെടുക്കുകയാണെന്നും ഗാനരംഗങ്ങള്‍ കണ്ട് പ്രേക്ഷകരെല്ലാം സ്ക്രീനിന് മുന്നില്‍ ആനന്ദനൃത്തമാടുകയാണെന്നും പൃഥ്വിരാജ് അവകാശപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല