സ്വന്തം ലേഖകന്‍: തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണം, കാരണം സ്‌കൂളിലെ ക്രൂര പീഡനമെന്ന് രക്ഷിതാക്കള്‍. സ്‌കൂളിലെ ശിക്ഷാ നടപടിയാണ് ഒമ്പതു വയസുകാരി പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം.
അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം അഞ്ച് കുട്ടികളെയാണ് സ്‌കൂളിലെ ശിക്ഷാ നടപടിയുടെ ഭാഗമായി കാല്‍മുട്ടുകള്‍ വളച്ച്, കസേരയില്‍ ഇരിക്കുന്നതു പോലെ ഒരു മണിക്കൂറോളം ഇരുത്തിയത്. കഴിഞ്ഞ ആഴ്ച സ്‌കൂളിലെ കണക്ക് അധ്യാപകനാണ് ബലാത്കാരമായി കുട്ടികള്‍ക്ക് പ്രാകൃതമായ ശിക്ഷ വിധിച്ചത്.
സംഭവത്തെ തുടര്‍ന്ന് കുട്ടിക്ക് പനി ബാധിച്ചെന്നും കാല്‍മുട്ടില്‍ രക്തം കട്ടപിടിച്ചിരുന്നത് കൂടുതല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കിയെന്നും രക്ഷിതാക്കള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ അവസ്ഥയില്‍ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ കുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ മൃതശരീരവുമായി സ്‌കൂളിലെത്തിയ ബന്ധുക്കള്‍ ക്ലാസ് മുറികളില്‍ കയറി കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തെന്ന് ആരോപണമുണ്ട്. ഗോദാവരി പുഷ്‌കര്‍ ഉത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ അടച്ചിരിക്കുകയായിരുന്നതിനാല്‍ സ്‌കൂള്‍ അധികൃതരാരും സ്‌കൂളില്‍ എത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല