1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2016

സ്വന്തം ലേഖകന്‍: തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നു, മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഈ സ്ഥാനത്തെത്തുന്ന വനിത. മത്സരത്തില്‍ തെരേസയുടെ ഏക എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം മത്സര രംഗത്തു നിന്നു പിന്മാറിയതോടെയാണു നിലവിലെ ആഭ്യന്തര സെക്രട്ടറികൂടിയായ തെരേസ മെയ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായത്.

തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്താന്‍ യോഗ്യയായ വനിതയാണെന്നു ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു. നേരത്തെ ആന്‍ഡ്രിയ എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ച് പുലിവാലു പിടിച്ചിരുന്നു. ദ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

മക്കളുള്ളതിനാല്‍ രാജ്യത്തിന്റെ ഭാവിയില്‍ സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍ തെരേസ ദുഃഖിക്കുന്നുണ്ടാകും എന്നുമാണ് ആന്‍ഡ്രിയ പറഞ്ഞത്. ഇതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എം.പിമാര്‍ ആന്‍ഡ്രിയക്കെതിരെ രംഗത്തെത്തി.

പ്രധാനമന്ത്രി പദത്തിലത്തെുന്നയാള്‍ ഇത്തരം അപക്വ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കുട്ടികളുടെ രക്ഷിതാവാകുക എന്നത് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. എന്തായാലും ആന്‍ഡ്രിയയുടെ വിവാദപരാമര്‍ശം തെരേസയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് സഹായകമായ മട്ടാണ്.

1990 ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ബ്രിട്ടന്‍ ഭരിക്കുന്ന വനിതാ പ്രധാനമന്ത്രിയെന്ന പെരുമയുമായാണ് തെരേസ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചുവടുവക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.