സ്വന്തം ലേഖകന്‍: മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രഥമദിവസം തന്നെ തെരേസ മെയും സഹപ്രവര്‍ത്തകരും കര്‍മനിരതരായി. അംഗലാ മെര്‍കല്‍, ഫ്രാങ്‌സ്വാ ഓലന്‍ഡ് എന്‍ഡ കെനി തുടങ്ങിയ വിദേശരാഷ്ട്ര നേതാക്കളുമായി ഫോണില്‍ സംസാരിച്ച തെരേസ മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണികള്‍ നടത്തുകയും ചെയ്തു.
പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ മൈക്കിള്‍ ഗോവിനെ നീതിന്യായ സെക്രട്ടറി പദവിയില്‍നിന്ന് നീക്കം ചെയ്തുകൊണ്ടായിരുന്നു മന്ത്രിസഭാ പുനസംഘാടനം. വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗന്‍, സാംസ്‌കാരിക സെക്രട്ടറി വിറ്റിങ് ഡേല്‍, കാബിനറ്റ് കാര്യമന്ത്രി ഒലിവര്‍ ലെറ്റ്വിന്‍ തുടങ്ങിയവര്‍ക്കും സ്ഥാനചലനമുണ്ടായി.
മുന്‍ ഊര്‍ജകാര്യ സെക്രട്ടറി അംബര്‍ ഗുഡ്ഡ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ബ്രെക്‌സിറ്റ് പ്രചാരണങ്ങളുടെ മുന്‍പന്തിയില്‍ നിലയുറപ്പിച്ച ബോറിസ് ജോണ്‍സനെ വിദേശകാര്യ സെക്രട്ടറിയാക്കാനുള്ള തീരുമാനമാണ് നിരീക്ഷകരെ ഞെട്ടിച്ചത്. ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി വിപുലീകരിക്കുമെന്ന് മുന്‍ ലണ്ടന്‍ മേയര്‍ കൂടിയായ ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല