സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, കോമണ്‍സില്‍ വെന്നിക്കൊടി പാറിച്ച് തെരേസാ മേയ്, പിന്തുണച്ചത് 448 എംപിമാര്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് ആര്‍ട്ടിക്കില്‍ 50 എംപിമാര്‍ പാസാക്കിയത്. 448 എംപിമാര്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയത്തെ അനുകൂലിച്ചപ്പോള്‍ 75 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി.
യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുവരുന്നതുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പ്രതിപക്ഷപ്രമേയവും പാര്‍ലമെന്റ് പാസാക്കി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും പരസ്പരം സഹകരിച്ചാണ് രണ്ടു പ്രമേയങ്ങളും പാസാക്കിയത്. ബ്രെക്‌സിറ്റിനെ ശക്തമായി എതിര്‍ക്കുന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗങ്ങളും ലിബറല്‍ ഡെമോക്രാറ്റ് പ്രതിനിധികളും പ്രമേയങ്ങളെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബ്രെക്‌സിറ്റ് നടപടികള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സാങ്കേതികമായി പാര്‍ലമെന്റിന്റെ അനുമതിയായി.
ബ്രെക്‌സിറ്റ് നടപടി ക്രമങ്ങളില്‍ വ്യക്തയില്ലാത്തതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പുനര്‍ജീവന്‍ നല്‍കുന്നതാണ് കോമന്‍സിലെ വിജയം. അതേസമയം യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം 2018 ഒക്ടോബറിനകം. ഇതു സംബന്ധിച്ച് ഉടന്‍ തന്നെ ബ്രിട്ടന്‍ യൂണിയനിലെ പ്രധാന കക്ഷികളുമായി ഉടമ്പടിയിലെത്തണമെന്ന് ഇയു മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന മൈക്കല്‍ ബാര്‍നിയര്‍ വ്യക്തമാക്കി. ഇതിനുള്ള ചര്‍ച്ചകള്‍ക്കുള്ള സമയക്രമം ബ്രസല്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.
ബ്രിട്ടന്റെ പിന്മാറ്റം പ്രധാനമന്ത്രി തെരേസ മെയ് മാര്‍ച്ച് അവസാനത്തോടെ ഇയുവിനെ ഔദ്യോഗികമായി അറിയിക്കണമെന്നാണ് ധാരണ. തുടര്‍ചര്‍ച്ചകള്‍ 2018 ഒക്ടോബറിനുള്ളില്‍ പൂര്‍ത്തിയാക്കും. ശേഷിക്കുന്ന നടപടികള്‍ 2019 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നും ബാര്‍നിയര്‍ അറിയിച്ചു. ഏതെങ്കിലും അംഗരാജ്യം പിന്മാറ്റത്തിനുള്ള ഔദ്യോഗികചര്‍ച്ച തുടങ്ങിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ഇയു ഉടമ്പടിയില്‍ വ്യക്തമാക്കുന്നത്. 28 അംഗ ഇയുവില്‍നിന്ന് ഇതാദ്യമായാണ് ഒരു അംഗരാജ്യം പിന്മാറുന്നത്.
അതേസമയം അടുത്ത മാര്‍ച്ച് അവസാനം ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള പിന്മാറ്റ നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തുമെന്നും ഇതിലൂടെ എംപിമാര്‍ക്ക് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കുമെന്നും തെരേസ മേയ് പ്രഖ്യാപിച്ചത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ബ്രെക്‌സിറ്റ് നടപടികളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയ്യാറല്ലെന്നായിരുന്നു ഇതുവരെ തെരേസ മേയുടെ കടുത്ത നിലപാട്.
അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്‍മാറുന്നതു സംബന്ധിച്ച നിബന്ധനകള്‍ അടങ്ങുന്നതാണ് ലിസ്ബന്‍ ഇടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50. എന്നാല്‍ ഇതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി പാര്‍ലമെന്റിന്റെ അനുമതി തേടണമെന്ന് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടു പോയിരുന്ന തെരേസ മേ സര്‍ക്കാരിന് ഈ വിധി കനത്ത തിരിച്ചടിയാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല