സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ എനിക്ക് പിന്തുണ തന്ന് ബ്രെക്‌സിറ്റ് നടപ്പാക്കുക; അല്ലെങ്കില്‍ ജെറമി കോര്‍ബിനെ പ്രധാനമന്ത്രിയാക്കി ബ്രെക്‌സിറ്റ് മറന്നേക്കുക,’ പാര്‍ട്ടി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കി തെരേസാ മേയ്. ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അന്ത്യശാസനം.
ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ അധികാരം പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന് കൈമാറുകയാണ് ചെയ്യുന്നതെന്ന് ഉള്‍പ്പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടോറികളോട് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതോടെ ബ്രിട്ടന്‍ എല്ലാക്കാലത്തും ഇയുവില്‍ കുടുങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ചയാണ് ബ്രെക്‌സിറ്റ് കരാറില്‍ കോമണ്‍സ് നിര്‍ണായക വോട്ടെടുപ്പ് നടത്തുന്നത്. വിമത ടോറി എംപിമാര്‍ കരാര്‍ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോര്‍ബിന്‍ പ്രധാനമന്ത്രിയാകും എന്ന ഭീഷണിയാണ് തന്റെ പാര്‍ട്ടിക്കാരെ അനുസരിപ്പിക്കാന്‍ മേയ് ഉപയോഗിക്കുന്ന ആയുധം. നൂറോളം ടോറി എംപിമാരാണ് വിമതരായി കലാപക്കൊടി ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനാല്‍ വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്നാണ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേയ്ക്ക് നല്‍കുന്ന ഉപദേശം. അതിനുശേഷം ബ്രസല്‍സില്‍ നിന്നും കൂടുതല്‍ മയമുള്ള കരാര്‍ നേടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കരാര്‍ തള്ളിയാല്‍ കോമണ്‍സില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ഇനി തോല്‍വി സമ്മതിച്ച് രാജിവെയ്ക്കാന്‍ മേയ് തയ്യാറായില്ലെങ്കില്‍ ടോറി പാര്‍ട്ടിയില്‍ നിന്ന് തന്നെ ഈ നീക്കം ഉണ്ടായേക്കാം.
എന്നാല്‍ തന്റെ കരാര്‍ തള്ളുന്നത് രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് നടത്തി അധികാരം പിടിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവാണ് നമുക്കുള്ളത്. കോര്‍ബിന് അധികാരം കൈമാറുന്നത് തല്‍ക്കാലം ഏറ്റെടുക്കാന്‍ കഴിയാത്ത അപകടമാണെന്നും മേയ് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല