സ്വന്തം ലേഖകന്‍: തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ വീണ്ടും പാര്‍ലമെന്റ് കടമ്പയില്‍ തട്ടി വീണു; പ്ലാന്‍ ബി കരാര്‍ പരാജയപ്പെട്ടത് 45 വോട്ടുകള്‍ക്ക്; തെരേസാ മേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോര്‍ബിന്‍; ഇനി സര്‍വസമ്മതമായ കരാര്‍ അല്ലെങ്കില്‍ നോഡീല്‍ ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ (പ്ലാന്‍ ബി) ബ്രിട്ടിഷ് പാര്‍ലമെന്റ് തള്ളി. 303 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 258 പേര്‍ അനുകൂലിച്ചത്.
മാര്‍ച്ച് 29 നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ ഇത് പ്രധാനമന്ത്രി തെരേസ മേക്കു കനത്ത തിരിച്ചടിയായി. നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാന്‍ ശക്തമായ നീക്കമാണ് രാഷ്ട്രീയ ഭേദമില്ലാതെ എംപിമാര്‍ നടത്തുന്നത്. മാര്‍ച്ചിനുള്ളില്‍ സര്‍വസമ്മതമായ ഉടമ്പടി രൂപീകരിക്കാന്‍ സാധിക്കില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇവരുടെ തന്ത്രം.
മേയ് അവതരിപ്പിച്ച ഉടമ്പടിയെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ യൂണിയന്‍ മുഖ്യ നെഗോഷ്യേറ്റര്‍ പറഞ്ഞതും ഇവര്‍ ആയുധമാക്കുന്നു. .ബ്രക്‌സിറ്റ് കരാറിന്മേല്‍ വിലപേശല്‍ നടത്തുന്നതിന് വീണ്ടും ബ്രസല്‍സില്‍ പോകുന്നതിനും യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച തുടരുന്നതിനും പിന്തുണ തേടിയാണ് പ്രധാനമന്ത്രി തെരേസ മേയ് ഹൗസ് ഓഫ് കോമണ്‍സില്‍ വോട്ടെടുപ്പ് എന്ന അഗ്‌നിപരീക്ഷ നേരിടാന്‍ വീണ്ടും തയ്യാറായത്.
ജനുവരിയിലും ബ്രിട്ടിഷ് പാര്‍ലമെന്റ് ബ്രെക്‌സിറ്റ് കരാര്‍ തള്ളിയിരുന്നു. ജനുവരിയില്‍ 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 2016 ജൂണ്‍ 23നാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരാന്‍ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ടു ചെയ്തു. 2017 മാര്‍ച്ച് 21 ന് തെരേസ മേ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് കരാര്‍ നടപടികള്‍ തുടങ്ങിയത്.
വോട്ടെടുപ്പില്‍ തോറ്റെങ്കിലും 27ന് നടക്കുന്ന അടുത്ത വോട്ടെടുപ്പില്‍ പ്രതീക്ഷര്‍പ്പിച്ച് കാത്തിരിക്കാമെന്നാണ് മേയുടെ നിലപാട്. പാര്‍ലമെന്റിന്റെ അനുമതിയോടെ ബ്രസല്‍സിലെത്തി പിന്മാറ്റകരാറില്‍ മാറ്റങ്ങള്‍ നേടാനുള്ള ശ്രമമാണ് മേയ് നടത്തുന്നത്. അതിനെ ഏതുവിധേനയും തോല്‍പ്പിക്കാനുളള ശ്രമമാണ് ബ്രക്‌സിറ്റ് അനുകൂലികള്‍ നടത്തുന്നത്. വോട്ടെടുപ്പില്‍ എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ച് മുന്നോട്ടു പോവുന്നതിനാണ് ശ്രമിക്കുകയെന്ന് മേയുടെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല