സ്വന്തം ലേഖകന്‍: രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സൗമ്യമായ നേതൃത്വം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത നീക്കത്തിനെതിരെ ആഞ്ഞടിച്ച് തെരേസാ മേയ്, ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. മന്ത്രിസഭ തനിക്കൊപ്പമാണെന്നും രാജ്യത്തിന് ആവശ്യമായ സൗമ്യമായ നേതൃത്വമാണ് താന്‍ നല്‍കുന്നതെന്നും സ്വന്തം മണ്ഡലത്തില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി തുറന്നടിച്ചു.
നിലവില്‍ തന്റെ നേതൃത്വത്തിന് ഭീഷണിയില്ലെന്നും അവര്‍ അവകാശപ്പെട്ടു.
അഞ്ച് മുന്‍ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം ടോറി എംപിമാരാണ് ബ്രിട്ടണില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ അണിയറ നീക്കങ്ങള്‍ നടത്തുന്നത്. ക്രിസ്മസിനു മുമ്പ് തെരേസ മേയെ രാജി വപ്പിക്കനാണ് വിമതരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്‌സ് പരസ്യമായി നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു.
പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു എന്നായിരുന്നു ഷാപ്‌സ് അഭിപ്രായപ്പെട്ടത്. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി മാഞ്ചസ്റ്ററില്‍ സമാപിച്ച ടോറികളുടെ വാര്‍ഷിക യോഗത്തില്‍ വിമതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുപ്പതോളം വിമത എംപിമാര്‍ ഈ നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ തെരേസ മേയ് പിന്തുണച്ച് പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവും ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തി. തെരേസ മേയ് മികച്ച നേതാവാണെന്നും അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നേതൃസ്ഥാനത്ത് ഉണ്ടാകുമെന്നും മൈക്കിള്‍ ഗോവ് ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അംബര്‍ റൂഡ് പ്രധാനമന്ത്രി തുരടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെലഗ്രാഫില്‍ ലേഖനമെഴുതി.
മേയ്‌ക്കെതിരെ നടക്കുന്ന വിമത നീക്കം എങ്ങുമെത്താന്‍ പോകുന്നില്ലെന്നും വായടച്ച് പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കാന്‍ വിമതര്‍ തയ്യാറാകണമെന്നും സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ റുത്ത് ഡേവിഡ്‌സന്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താല്‍ 316 എംപിമാരില്‍ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇത് സാധ്യമായാലുടന്‍ വിമത നീക്കം ശക്തമാക്കി മേയ്‌ക്കെതിരെ ആഞ്ഞടിക്കാനാണ് വിമതരുടെ പദ്ധതിയെന്നാണ് സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല