സ്വന്ത ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിന്‍ഗാമിയാരാവും? കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വോട്ടെടുപ്പ്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആദ്യ റൗണ്ട് വോട്ടെടുപ്പു പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു പേരാണു മത്സരരംഗത്ത് ഉള്ളതെങ്കിലും ആഭ്യന്തരമന്ത്രി തെരേസാ മേയ് വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് സൂചന.
ഊര്‍ജമന്ത്രി ആന്ദ്രേ ലീഡ്‌സം ആണ് മുന്‍നിരയിലുള്ള മറ്റൊരാള്‍. മത്സരത്തില്‍നിന്നു പിന്മാറിയ മുന്‍ ലണ്ടന്‍ മേയര്‍ ബോറീസ് ജോണ്‍സണ്‍ ലീഡ്‌സമിനെ പിന്തുണച്ചതോടെയാണിത്. നീതിന്യായ സെക്രട്ടറി മൈക്കല്‍ ഗോവ്, പെന്‍ഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ്, പ്രതിരോധമന്ത്രി ലിയാം ഫോക്‌സ് എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. ബ്രെക്‌സിറ്റ് പരാജയത്തെത്തുടര്‍ന്ന് ഒക്ടോബറില്‍ സ്ഥാനം ഒഴിയുകയാണെന്നു കാമറോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ്.
331 എംപിമാര്‍ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പങ്കെടുത്തു. കുറവു വോട്ടു കിട്ടുന്നയാളെ പുറത്താക്കി വ്യാഴാഴ്ച രണ്ടാം വട്ട വോട്ടെടുപ്പു നടത്തും. രണ്ട് സ്ഥാനാര്‍ഥികള്‍ ശേഷിക്കുന്നതുവരെ വോട്ടെടുപ്പു തുടരും. പിന്നീട് രാജ്യമെങ്ങുമുള്ള 150,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാര്‍ പങ്കെടുക്കുന്ന വോട്ടെടുപ്പിനുശേഷം സെപ്റ്റംബര്‍ ഒമ്പതിനു വിജയിയെ പ്രഖ്യാപിക്കും.
നിലവില്‍ തെരേസാ മേയ്ക്ക് 115 എംപിമാരുടെയും ലീഡ്‌സമിന് 40 പേരുടെയും ഗോവിനും ക്രാബിനും 25 പേരുടെ വീതവും പിന്തുണ ഉണ്ടെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല