സ്വന്തം ലേഖകന്‍: വര്‍ഷങ്ങളായി തുടരുന്ന ചെലവ് ചുരുക്കല്‍ അവസാനിപ്പിക്കും; ഭവന പദ്ധതിക്കായി കൂടുതല്‍ പണം; ഇന്ധനവില വര്‍ദ്ധന പിടിച്ചു നിര്‍ത്തുമെന്ന് ഉറപ്പ്; വിമര്‍ശകരുടെ വായടപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; ഒപ്പം പാര്‍ട്ടി സമ്മേളന വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു തെരേസാ മേയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍.
പിന്നണിയിലെ സംഗീതത്തോടൊപ്പം നൃത്തച്ചുവടുകളുമായി വേദിയിലെത്തിയ പ്രധാനമന്ത്രിയെ സദസ്സ് എഴുന്നേറ്റ് നിന്നാണ് സ്വീകരിച്ചത്. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ ഇനിയില്ല എന്ന് പ്രഖ്യാപിച്ച മേയ് പുതിയ വീടുകള്‍ക്കായി കൗണ്‍സിലുകള്‍ക്ക് അധിക ഫണ്ടും നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ വര്‍ദ്ധിച്ച് വരുന്ന ഇന്ധനവില പിടിച്ച് നിറുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു.
ബ്രെക്‌സിറ്റ് റഫറണ്ടത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചത് തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ മേയ് വ്യാപാര കരാറുകള്‍ ഒന്നുമില്ലാതെയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടി വരുന്നതെങ്കിലും ഭയമില്ലെന്ന് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് പാര്‍ട്ടി വിമതപക്ഷവും കൂടെ നില്‍ക്കണമെന്ന് മേയ് അഭ്യര്‍ത്ഥിച്ചു. സ്വന്തം പാര്‍ട്ടിയിലെ തന്നെ ചേരിപ്പോര് നോ ബ്രെക്‌സിറ്റിലേക്ക് നയിച്ചേക്കുമെന്ന് സൂചന നല്‍കാനും മേയ് മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല