1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2019

സ്വന്തം ലേഖകന്‍: തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതിന് പിന്നാലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സര്‍വ്വേകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വടംവലി ശക്തമായത്.

തെരേസ മേയുടെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതൃ തര്‍ക്കം മറ നീക്കി പുറത്തുവരികയാണ്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത് തടയുന്നതിനായി ശക്തമായ പ്രചാരണം തുടങ്ങിയിരിക്കുകയാണ് മിതവാദികളായ ചില കാബിനറ്റ് മന്ത്രിമാര്‍. ജോണ്‍സണെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് നീതിന്യായ വകുപ്പ് സെക്രട്ടറി ഡേവിഡ് ഗ്യൂകും അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റുവര്‍ട്ടും രംഗത്തെത്തി. ദേശീയ താല്‍പര്യത്തിന് എതിരാണ് ബ്രെക്‌സിറ്റിന്മേലുള്ള അദ്ദേഹത്തിന്റെ താല്‍പര്യമെന്ന് അവര്‍ തുറന്നടിച്ചു.

നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികള്‍ ജൂണ്‍ 10നു തുടങ്ങാനിരിക്കെ, 8 പേരാണു താല്‍പര്യം അറിയിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. മത്സരരംഗത്തുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ഇവരെ കൂടാതെ 6 പേര്‍ കൂടി നേതൃപദവിയേറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണു സൂചനകള്‍. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലിയുള്ള വിവാദമാണു കഴിഞ്ഞദിവസം മേയുടെ രാജിപ്രഖ്യാപനത്തില്‍ കലാശിച്ചത്.

ബ്രെക്‌സിറ്റ് കരാറിന്‍മേല്‍ പാര്‍ട്ടിയിലുള്ള അഭിപ്രായഭിന്നതയാണ് പുതിയ നേതാവിനെ സംബന്ധിച്ച തര്‍ക്കത്തിനും വഴിവെക്കുന്നത്. ജോണ്‍സണു പുറമേ, കഴിഞ്ഞ ദിവസം രാജിവെച്ച മന്ത്രിസഭാംഗം ആന്‍ഡ്രിയ ലീഡ്‌സം, നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി ഡൊമനിക്ക് റാബ് തുടങ്ങിയവരും മത്സര സന്നദ്ധരായി രംഗത്തുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം താന്‍ രാജിവയ്ക്കുന്നതായി തെരേസ മേ പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ ഏഴിന് ഒഴിയും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.