സ്വന്തം ലേഖകന്‍: മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. അതുകൊണ്ട് തന്നെ രണ്ടാം ഉരുക്കുവനിത എന്ന് ലോകരാജ്യങ്ങള്‍ വിശേഷിപ്പിച്ചു എങ്കിലും പ്രതീക്ഷക്കൊത്തു പിടിച്ചുനില്‍ക്കാന്‍ മേയ്ക്കായില്ല. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ മേയ് പരാജയം സമ്മതിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിടയില്‍ പാര്‍ലമെന്റിലും യൂറോപ്യന്‍ യൂണിയനിലും മേയ് ഒറ്റപ്പെട്ടു. പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുക്കുന്ന ഘട്ടം വന്നു എങ്കിലും അവിടെയും പരാജയമായിരുന്നു ഫലം.
അവസാന പ്രതീക്ഷയായിരുന്ന കോമണ്‍സ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം രാജിവച്ചതോടെ മേയ് പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ മേയുടെ പരാജയത്തില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് ആരായിരിക്കും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി എന്നതാണ്. ജൂണ്‍ 10 ഓടെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങും. ആന്‍ഡ്രിയ ലീഡ്‌സം അടക്കം എട്ടുപേരാണ് പ്രധാനമന്ത്രിപദത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. വിദേശകാര്യ മന്ത്രിയായിരുന്ന ജെറമി ഹണ്ട്, രാജ്യാന്തര വികസന മന്ത്രി റോറി സ്റ്റുവാര്‍ട്ട്, മുന്‍ ബ്രെക്‌സിറ്റ് മന്ത്രി ഡോമനിക് റാബ്, മുന്‍ തൊഴില്‍, പെന്‍ഷന്‍കാര്യ മന്ത്രി എസ്‌തേര്‍ മക്‌വേ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കൊട്, പരിസ്ഥിതി മന്ത്രി മൈക്കല്‍ ഗോവ് എന്നിവര്‍ താല്‍പര്യം അറിയിച്ചു കഴിഞ്ഞു.
ലിസ്റ്റില്‍ പ്രമുഖരായ രണ്ടു പേര്‍ ബോറിസ് ജോണ്‍സണും ആന്‍ഡ്രിയ ലീഡ്‌സുമാണ്. 2016 ഡേവിഡ് കാമറാണ്‍ രാജിവച്ച ശേഷം തെരേസ മേയക്കെതിരേ മത്സരിച്ചത് ആന്‍ഡ്രിയ ആയിരുന്നു. എന്നാല്‍ അന്ന് മേയ്‌ക്കെതിരേ വ്യക്തിപരമായ പരാമര്‍ശം വിവാദമായപ്പോള്‍ ആന്‍ഡ്രിയ പിന്മാറി. പ്രതിനിധി സഭയിലെ മുന്‍ നേതാവ് കൂടിയാണ് ആന്‍ഡ്രിയ. എന്നിരുന്നാലും ബോറിസ് ജോണ്‍സന്റെ പേരുകളാണ് കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരന്നത്. മുന്‍ വിദേശകാര്യ മന്ത്രികൂടിയായിരുന്ന തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ബോറിസ് മന്ത്രിസ്ഥാനം രാജിവച്ചത്. കൂടാതെ വിദേശകാര്യ മന്ത്രിയായിരുന്ന സമയത്ത് മേയുടെ തീരുമാനങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ബോറിസിന്റെ ഭാഗത്തു നിന്ന ഉണ്ടായതും വിവാദമായിരുന്നു.
2016 വരെ ലണ്ടന്‍ മേയറായിരുന്നു ബോറിസ്. മാത്രമല്ല കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഏറ്റവും ജനകിയനായ നേതാവെന്ന നിലയിലും ബോസിറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. 2012 ലെ ഏറ്റവും ജനകീയനായ എംപിയായിരുന്നു 1989 മുതല്‍ 1994 വരെ ദ ടെലിഗ്രാഫിന്റെ ബ്രസല്‍സ് ലേഖകന്‍ കൂടിയായിരുന്നു ബോറിസ്. കൂടാതെ രണ്ടുതവണ ലണ്ടന്‍ മേയറായിരുന്നു. ആ കാലയളവില്‍ ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ബോറിസിന് ലഭിച്ചിരുന്നത്. വരുന്ന പൊതുതിരഞ്ഞടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോര്‍ബിനെ നേരിടാന്‍ പറ്റുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവായാണ് ജോണ്‍സണെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിമാര്‍ കണക്കാക്കുന്നത്.
ജനകീയ മുഖവും പോസറ്റിവായ സമീപനവും ബോറിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നുണ്ട്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാലും ബോറിസിനു മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്. 2016 ല്‍ ഡേവിഡ് കാമറാണ്‍ രാജിവച്ചതും ബ്രക്‌സിറ്റിനെ തുടര്‍ന്നായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല