സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍; 95 ശതമാനം കാര്യങ്ങളിലും ഇയുവുമായി ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; കീറാമുട്ടിയായി വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നം; പ്രശ്‌നപരിഹാരത്തിനായി ബ്രെക്‌സിറ്റ് കാലാവധി നീട്ടിയേക്കും. പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിമുഖീകരിക്കവേയാണ് ഇക്കാര്യം മെയ് വ്യക്തമാക്കിയത്. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് ഇനി പ്രധാനമായും ധാരണയാകാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കവെയാണ് മെയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്രാന്‌സിഷന്‍ കാലാവധി നീട്ടുന്നത് ബ്രെക്‌സിറ്റ് ഡീലുകള്‍ കൃത്യമായി ഉറപ്പിക്കുന്നതിന് അഭികാമ്യമാണെന്നാണ് മെയ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ മേയുടെ വാദങ്ങളെ തള്ളി രംഗത്തെത്തി. മെയ്ക്ക് സ്വന്തം പാര്‍ട്ടിയിലെ ചേരിപ്പോരും കഴിവില്ലായ്മയുമാണ് ബ്രിട്ടന് നിശ്ചിത കാലയളവിനുള്ളില്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് കോര്‍ഡിനേറ്റര്‍ ഗെയ് വേര്‍ഹോഫസ്റ്റഡി ബ്രെക്‌സിറ്റ് കരാറുകള്‍ 90 ശതമാനം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളുവെന്ന് സാല്‍സ്‌ബെര്‍ഗ് കമ്മിറ്റി മീറ്റിങ്ങില്‍ വെളിപ്പെടുത്തി. ഐറിഷ് ബോര്‍ഡര്‍ വിഷയം തന്നെയാണ് ഇതില്‍ പ്രധാനമായും പരിഹരിക്കപ്പെടാതെ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ തന്നെയാണ് പുരോഗമിക്കുന്നതെന്ന് മേയ് പാര്‍ലമെന്റില്‍ പറഞ്ഞു. ജിബ്രാള്‍ട്ടറിന്റെ കാര്യ്ത്തിലും സൈപ്രസിലെ ആര്‍ എ എഫ് വ്യോമ താവളങ്ങളുടെ കാര്യത്തിലും കൃത്യമായ കരാറുകള്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും മേയ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല