സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സമവായത്തിനായി ബ്രസല്‍സ് ഉച്ചകോടിയില്‍ നിലപാടുകളില്‍ അയവു വരുത്തി യുകെയും യുറോപ്യന്‍ യൂണിയനും; വിടുതല്‍ കാലാവധി നീട്ടാന്‍ സാധ്യത തെളിയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റിനെ സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ ധാരണയില്‍ എത്താനായില്ലെങ്കിലും പ്രശ്‌ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയത്തിലാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ കസ്റ്റംസ് യൂണിയനില്‍ നിലനിറുത്തി പ്രശ്‌നം പരിഹരിക്കണമെന്ന ഇയു ആവശ്യം ബ്രിട്ടന്‍ നിരാകരിച്ചിരുന്നു. ഇയു ആവശ്യത്തിന്മേല്‍ പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റ് നിരാകരിച്ചു.
എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമയം കൂടുതല്‍ നീട്ടി നല്‍കാമെന്ന ഇയു നിര്‍ദ്ദേശം മിനഞ്ഞാന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. അതേസമയം തെരേസാ മെയ് തന്നെ കാലാവധി നീട്ടുമെന്ന കാര്യം പരിഗണിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഉച്ചകോടിക്ക് ശേഷം ഇയു നേതാക്കളായ ജീന്‍ ജങ്കാറും ഡൊണാള്‍ഡ് ടാസ്‌കും സ്ഥിരീകരിക്കുകയും ചെയ്തു. കാലാവധി നീട്ടുന്ന കാര്യം 27 ഇയു നേതാക്കളും അംഗീകരിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കു വച്ചു.
കാലാവധി നീട്ടിയാല്‍ 2020 ഡിസംബറോടെ മാത്രമേ ബ്രെക്‌സിറ്റ് സാധ്യമാകുകയുള്ളൂ. എന്നാല്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റിവ് എംപിമാരില്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. കാലാവധി നീട്ടുന്നത് 15 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. കൂടാതെ ഇയുവിന് വഴങ്ങുന്നത് പ്രധാനമന്ത്രി തെരേസാ മേയുടെ പരാജയമായി ചൂണ്ടിക്കാട്ടുന്ന ഇവര്‍ നേതൃമാറ്റമെന്ന ആവശ്യവും മുന്നോട്ടുവക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല