സ്വന്തം ലേഖകന്‍: സ്വന്തം എംപിമാരുടെ വിശ്വാസം നേടി തെരേസാ മേയ്; അവിശ്വാസ പ്രമേയം അതിജീവിച്ചത് 63% പിന്തുണയോടെ; വിമത ശബ്ദങ്ങളും പരിഗണിക്കുമെന്ന് ഉറപ്പു നല്‍കി പ്രധാനമന്ത്രി. സ്വന്തം പാര്‍ട്ടിയിലെ വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. 317 എം.പിമാരില്‍ 200 പേര്‍ മേയുടെ നേതൃത്ത്വത്തെ പിന്തുണച്ചു. ഇതോടെ അധികാരം നഷ്ടമാകുമെന്ന ഭീതി ഒഴിഞ്ഞു.
ബ്രിട്ടീഷ് പ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ബുധനാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫലവും പുറത്തു വന്നു. ഫലമെന്തായാലും വോട്ടെടുപ്പിനെ നേരിടുമെന്ന ഉറച്ച നിലപാടിലായിരുന്നു തെരേസ മേ. 63ശതമാനം പിന്തുണയാണ് വോട്ടെടുപ്പില്‍ മേക്ക് ലഭിച്ചത്. 33 ശതമാനം പേര്‍ മേയുടെ നേതൃത്വത്തിനെതിരെ വോട്ട് ചെയ്തു.
തെരേസ മേയെ എതിര്‍ക്കുന്ന എം.പിമാരുടെ ബഹളത്തോടെയാണ് വിശ്വാസവോട്ടെടുപ്പിന് തുടക്കമായത്. മേയുടെ ബ്രക്‌സിറ്റ് നയത്തിനെതിരെ എം.പിമാര്‍ ആക്രോശിച്ചു. വോട്ടെടുപ്പ് അനുകൂലമായതോടെ ഇനി ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും മേക്ക് വെല്ലുവിളികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഇനി ഒരു വര്‍ഷത്തിന് ശേഷമേ അടുത്ത വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പാടുള്ളൂ.
അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് തെരേസ മേയ് പ്രതികരിച്ചു. തനിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയവരോട് ഏറെ നന്ദിയുണ്ടെന്ന് മേയ് പറഞ്ഞു. എന്നാല്‍, എതിര്‍പ്പറിയിച്ച 47 ശതമാനത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകില്ലെന്നും അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് സംബന്ധിച്ച ആവശ്യങ്ങളില്‍ പരിഗണിക്കുമെന്നും മേയ് കൂട്ടിച്ചേര്‍ത്തു.
വിശ്വാസ വോട്ടെടുപ്പ് പ്രതികൂലമായിരുന്നെങ്കില്‍ മേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് രാജിവെക്കേണ്ടി വരുമായിരുന്നു. തുടര്‍ന്ന് സ്വാഭാവികമായി പ്രധാനമന്ത്രി സ്ഥാനവും നഷ്ടമാകുമായിരുന്നു. വിശ്വസ വോട്ടെടുപ്പ് ഒരു മാറ്റവും വരുത്തുന്നില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് ജെര്‍നി കോര്‍ബൈന്റെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല