സ്വന്തം ലേഖകന്‍: സിറിയയിലെ സഖ്യകക്ഷി ആക്രമണം; തെരേസാ മെയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ. ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എംപിമാരും മെയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കും ഫ്രാന്‍സിനുമൊപ്പം ബ്രിട്ടന്‍ അസദ് ഭരണകൂടത്തിന് നേരെ നടത്തിയ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് തെരേസാ മേയ്ക്ക് ആശ്വാസമായി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ മെയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. മേയുടെ നടപടികളെ പാര്‍ലമെന്റ് ശബ്ദ വോട്ടോടെയാണ് പാസ്സാക്കിയത്. മേഖലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് ബ്രിട്ടന്‍ ശ്രമിക്കണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. ലേബര്‍ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോര്‍ബിന്‍ തന്നെയാണു പ്രത്യക്ഷമായി പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തിയത്. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ തിടുക്കത്തില്‍ എടുത്ത തീരുമാനം ഒരു സാഹചര്യത്തിലും രാജ്യതാല്‍പര്യത്തിനു യോജിച്ചതല്ലെന്നായിരുന്നു ജെറമി കോര്‍ബിന്റെ വിമര്‍ശനം.
എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദങ്ങളെ മേയ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയില്‍ മനുഷ്യത്വപരമായ തീരുമാനം തന്നെയാണ് സിറിയന്‍ വിഷയത്തില്‍ കൈക്കൊണ്ടതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ മേഖലയെയും ഇന്റലിജന്‍സ് സംവിധാനങ്ങളെയും ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള വിഷയങ്ങളില്‍ മുന്‍കൂട്ടി പാര്‍ലമെന്റിന്റെ അനുവാദം വാങ്ങാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ പവര്‍ ആക്ട് നിയമം കൊണ്ടുവരണമെന്ന കോര്‍ബിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല