സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ബില്ലിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമതരും ലേബര്‍ പാര്‍ട്ടിയും ഒറ്റക്കെട്ട്, എതിര്‍പ്പ് വകവെക്കാതെ ഇയുവുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാര്‍ലമെന്റിലെ നിര്‍ണായക വോട്ടെടുപ്പില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേ, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങളുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ ബ്രെക്‌സിറ്റ് നടപടികളും പാര്‍ലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്നു നിര്‍ദേശിക്കുന്ന, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയമാണു കഴിഞ്ഞ ദിവസം പാസായത്. 305ന് എതിരെ 309 വോട്ടുകള്‍ക്കായിരുന്നു പ്രതിപക്ഷ–വിമത ഗ്രൂപ്പ് ജയം.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ സുഗമമായ പിന്മാറ്റത്തെ ഇത്തരമൊരു വ്യവസ്ഥ ദോഷകരമായി ബാധിക്കുമെന്നു പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ തോല്‍വി പിണഞ്ഞതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം സംബന്ധിച്ചു കാബിനറ്റില്‍ പൊതുധാരണയില്ലാതെ ഇനി മേയ്ക്കു മുന്നോട്ടു പോകാനാകില്ല എന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇയുവിമായി സ്വതവേ ഇഴഞ്ഞു നീങ്ങുന്ന ചര്‍ച്ചകള്‍ കൂടുതല്‍ വൈകിക്കാനും ഇത് കാരണമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല