സ്വന്തം ലേഖകന്‍: യുകെയിലെ ആരോഗ്യമേഖലയില്‍ അഴിച്ചുപണിയുമായി തെരേസാ മേയ് സര്‍ക്കാര്‍; കാന്‍സര്‍ ചികിത്സക്ക് ഇനി കൃത്രിമ ബുദ്ധിയുടെ സഹായവും. കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി 2033 ഓടെ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മെയ് വ്യക്തമാക്കി. വിവിധ കാന്‍സര്‍ രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും 20,000 ത്തോളം രോഗികളാണ് യുകെയില്‍ മരിക്കുന്നതെന്നാണ് കണക്ക്.
രോഗം യഥാസമയം കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുന്നതും ശരിയായ ചികിത്സ നല്‍കാന്‍ സാധിക്കാത്തതുമാണ് മരണങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കൃത്രിമ ബുദ്ധി ഉപയോഗിച്ച് രോഗിയുടെ പൂര്‍വ ചരിത്രം, സ്വഭാവം, ശീലങ്ങള്‍, ജനിതക വിവരങ്ങള്‍ തുടങ്ങിയവയെല്ലാം കൃത്യമായി അവലോകനം ചെയ്ത് കാന്‍സറിനുള്ള സാധ്യത പ്രാഥമിക ഘട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും. ഇത് ശരിയായ രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും സഹായകരമാകുമെന്നും ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 50,000 ത്തോളം കാന്‍സര്‍ രോഗികളുടെ ജീവന്‍ പ്രതിവര്‍ഷം രക്ഷിക്കാന്‍ കൃത്രിമ ബുദ്ധിയുടെ ഉപയോഗം മൂലം കഴിയുമെന്നാണ് റിപ്പോര്‍ട്ട്. 2035 ഓടെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ജനങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അവരവര്‍ക്കുതന്നെ കൃത്യമായ അവബോധം ഉണ്ടാക്കാന്‍ കഴിയുന്ന വിധം ആരോഗ്യമേഖല അഴിച്ചുപണിയുമെന്നും തെരേസാ മേയ് വ്യക്തമാക്കി. അതോടൊപ്പം നിരവധി അതിവിദഗ്ധ തൊഴിലുകളും ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല