സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്. മേയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിക്ക് തിമത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജിവച്ചത്. തിമത്തിയും ഹില്ലും തെരേസാ മേ ആഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്‌പോള്‍ മുതല്‍ അവര്‍ക്കൊപ്പമുള്ളവരായിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഉപദേഷ്ടാക്കള്‍ക്കെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നു. തിമത്തിയെയും ഹില്ലിനെയും ഒഴിവാക്കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെടാന്‍ ഒരു സംഘം എംപിമാര്‍ തീരുമാനിച്ചതാണ് അവരുടെ രാജിക്കു കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാര്‍ട്ടിയുടെ പ്രകടനപത്രിക രൂപീകരിക്കുന്നതിലുള്ള തന്റെ ഇടപെടലുകള്‍ പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി തിമത്തി പറഞ്ഞു. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനും പ്രായമായവരുടെ ആരോഗ്യരക്ഷയ്ക്ക് കൂടുതല്‍ തുക ചുമത്തുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി പ്രകടന പത്രികയിലുണ്ടായിരുന്നു. ഇത് വോട്ടര്‍മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റാന്‍ ഇടയാക്കിയെന്നാണ് ആരോപണം. ടിവി സംവാദത്തില്‍ പങ്കെടുക്കാന്‍ മേ വിസമ്മതിച്ചതും സാധാരണ പ്രവര്‍ത്തകരെ ഒഴിവാക്കി ഒരു സംഘം ഉന്നതരുടെ ഉപദേശത്തിനു പ്രാധാന്യം കൊടുത്തതും പാര്‍ട്ടിക്കു തിരിച്ചടി ലഭിക്കാന്‍ കാരണമായി.
ഇതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബ്രെക്‌സിറ്റ് അനുകൂല ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി(ഡിയുപി) ചേര്‍ന്നു മന്ത്രിസഭ രൂപീകരിക്കുന്ന തെരേസാ മേയുടെ നടപടിക്ക് എതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പത്ത് എംപിമാരാണു പാര്‍ട്ടിക്കുള്ളത്. ഇവരുടെ പിന്തുണ കിട്ടുന്നതിന് എന്തുവിലയാണു കൊടുക്കേണ്ടത് എന്നു വ്യക്തമല്ല. ആറു മാസത്തിനകം മേയെ മാറ്റി പുതിയ നേതാവിനെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തയാറായേക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം രാജിവെക്കണമെന്ന ആവശ്യം തള്ളിയ തെരേസാ മേയ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഖേദം പ്രകടിപ്പിച്ചു. ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പറഞ്ഞ മേയ് 10 സീറ്റുള്ള ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് വെള്ളിയാഴ്ച പറഞ്ഞത് ആവര്‍ത്തിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മേയ് മാറിനില്‍ക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 42.4 ശതമാനം വോട്ടോടെ 318 സീറ്റുകളാണ് ലഭിച്ചത്. ഇത് കേവല ഭൂരിപക്ഷത്തിന് 8 സീറ്റുകള്‍ കുറവാണ്.ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടോടെ 262 സീറ്റുകളാണ് നേടിയത്. പൊതുവെ ജനവികാരം മേയ്ക്ക് എതിരാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ പുറത്തിറങ്ങിയ മിക്ക പത്രങ്ങളും തിരിച്ചടിയുടെ ഉത്തരവാദിത്തം മേയ്ക്കാണെന്നാണ് വിലയിരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല