ഒരു നടന്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയാല്‍ കല പോക്കാണെന്ന് നടന്‍ തിലകന്‍. സൂപ്പറായാല്‍ പിന്നെ കോടികള്‍ക്കു വേണ്ടിയുള്ള ഓട്ടമായിരിക്കും. അവിടെ കല ഉണ്ടാവില്ല. കഥ എന്തുതന്നെയായാലും സാരമില്ല, കാശു താ… അഡ്വാന്‍സ് താ… ഇത്രയേ ഉള്ളൂ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്-റിമ കല്ലിങ്കല്‍ ജോഡി കേന്ദ്രകഥാപാത്രങ്ങളായ ഇന്ത്യന്‍ റുപ്പി എന്നി സിനിമയുടെ മ്യൂസിക് ഓഡിയോ ലോഞ്ച് വേളയിലാണ് തിലകന്‍ വീണ്ടും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ തിരിഞ്ഞത്.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വിലക്ക് നേരിട്ടിരുന്ന തിലകന്‍ ഏറെക്കാലത്തിന് ശേഷമാണ് മുഖ്യധാരാ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ”ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.
ഇന്ത്യന്‍ റുപ്പി തുടങ്ങും മുമ്പേ തിലകന് വിലക്കില്ലെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. എങ്കിലും രണ്ടാം വരവിലും തന്റെ വാക്കുകളുടെ മൂര്‍ച്ച പോയിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു തിലകന്‍. ‘സൂപ്പര്‍സ്റ്റാറുകളുടെ കൂടെ എപ്പോഴും ഗുണ്ടകള്‍ ഉണ്ടായിരിക്കും. ഇവരാണ് തിയറ്ററില്‍ നല്ല സിനിമകളെ കൂവി തോല്‍പ്പിക്കുന്നത്. ഉപരോധത്തിനു മാത്രം നിലകൊള്ളുന്ന ചില സംഘടനകള്‍ തന്നെ പുറത്തേക്കെറിഞ്ഞെങ്കിലും താന്‍ ചെന്നു വീണത് പ്രേക്ഷകരുടെ കയ്യിലേക്കാണ്”. അദ്ദേഹം പറഞ്ഞു.
തിലകനു പിന്തുണ നല്‍കുന്നതായിരുന്നു തുടര്‍ന്നു സംസാരിച്ച സംവിധായകന്‍ രഞ്ജിത്തിന്റെ വാക്കുകള്‍. സിനിമയില്‍ ഒരു നടനെ കാസ്റ്റ് ചെയ്യുന്നതില്‍ പൊളിറ്റിക്കല്‍ അജണ്ട ഉണ്ടോയെന്നതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ”ഉപരോധവും വിലക്കുമൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാനതിനു വഴിപ്പെടുന്ന ആളുമല്ല. എന്റെ സിനിമയാണ് എന്റെ സിനിമ”. രഞ്ജിത്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല