മലയാള സിനിമയിലെ പെരുന്തച്ചനായ തിലകന്‍ വളരെ കുറച്ചു നടന്‍മാരെ മാത്രമേ അവരുടെ അഭിനയവൈഭവത്തിന്‍റെ പേരില്‍ ബഹുമാനിക്കാറുള്ളൂ. നാടകത്തില്‍ പി ജെ ആന്‍റണി, അബൂബക്കര്‍. സിനിമയില്‍ ഭരത് ഗോപി, മോഹന്‍ലാല്‍. തിലകനില്‍ നിന്ന് ഒരു നല്ലവാക്ക് കേള്‍ക്കണമെങ്കില്‍ അയാള്‍ അത്രയ്ക്കും മികച്ച നടനായിരിക്കണം. മോഹന്‍ലാലിന്‍റെ ചില പെരുമാറ്റങ്ങളില്‍ തിലകന് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അഭിനയമികവിനെക്കുറിച്ച് തിലകന് നൂറുനാവാണ്.
“അഭിനയത്തിന്‍റെ കാര്യത്തില്‍ ഒരു ആനയാണ് മോഹന്‍ലാല്‍ എന്ന് ഞാന്‍ പറയും. ആനയ്ക്ക് പക്ഷേ, അതിന്‍റെ വലിപ്പം അറിയില്ലല്ലോ. ലാലിന്‍റെ കാര്യത്തില്‍ സംഭവിക്കുന്നതും അതാണ്. അയാള്‍ക്ക് അയാളുടെ പവര്‍ അറിയില്ല.” – മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.
“ലാലും ഞാനും തമ്മില്‍ പ്രശ്നങ്ങളൊനുമില്ല. ലാലിനുചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അയാളെ എല്ലാറ്റില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഈ ഉപഗ്രഹങ്ങള്‍ തന്നെയാണ് അയാള്‍ക്ക് വിനയാകുന്നതും. എനിക്കെതിരെ നടപടിയെടുത്ത ‘അമ്മ’യുടെ യോഗത്തില്‍ എനിക്ക് അനുകൂലമായ നിലപാടൊന്നും മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. അയാള്‍ ഉപഗ്രഹങ്ങളുടെ പിടിയിലായിരുന്നു.” – തിലകന്‍ വ്യക്തമാക്കുന്നു.
ഏറെക്കാലം അഭിനയിക്കാതിരുന്നാല്‍ ‘അഭിനയം’ എന്ന സിദ്ധി നഷ്ടപ്പെടുമോ എന്ന ആശങ്ക തനിക്കുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞതിനെ തിലകന്‍ തിരുത്തുന്നുണ്ട് ഈ അഭിമുഖത്തില്‍.
“ഏറെക്കാലം അഭിനയിക്കാതിരുന്നാല്‍ നഷ്ടപ്പെടുന്നതൊന്നുമല്ല ഈ സിദ്ധി. ഇത് കൂടെപ്പിറപ്പാണ്. എത്രകാലം കഴിഞ്ഞാലും ഇതേ ഭാവത്തിലും അവസ്ഥയിലും ഞാന്‍ അഭിനയിക്കും. ലാല്‍ അങ്ങനെ പറയുന്നത് ഓടിനടന്ന് അഭിനയിക്കുന്നതിനുള്ള കാരണമായിട്ടായിരിക്കും. അത് പണത്തിനുവേണ്ടിയാണ്. കലാകാരന്‍ പണം കൂടുതല്‍ ആഗ്രഹിക്കരുത്” – തിലകന്‍ പറയുന്നു.
“മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുമ്പോള്‍ വ്യത്യസ്തമായ അനുഭവമാണ്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കുമ്പോള്‍ അയാള്‍ ഒരിക്കലും എന്‍റെ മകനായി എനിക്ക് ഫീല്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ സീനുകളില്‍ നിന്ന് സീനുകളിലേകുള്ള മാറ്റം പലപ്പോഴും യാന്ത്രികമായിപ്പോകും.” – തിലകന്‍ പറയുന്നു.
മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് ആസ്വദിച്ച് അഭിനയിക്കാനാവുന്നില്ല എന്ന വസ്തുത പലപ്പോഴും തിലകന്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
“മോഹന്‍ലാലിന്‍റെ അച്ഛനായി ഞാന്‍ അഭിനയിക്കുമ്പോള്‍ ലാല്‍ എന്‍റെ സ്വന്തം മകനായിട്ടുതന്നെയാണ് ഫീല്‍ ചെയ്യാറുള്ളത്. അതുകൊണ്ട് അഭിനയത്തില്‍ സ്വാഭാവികത കൂടുന്നു. ഞാനും ലാലും തമ്മിലുള്ള കെമിസ്ട്രിയൊന്നും എനിക്ക് പറയാനറിയില്ല. അങ്ങനെയാണ് സംഭവിക്കുന്നതെന്നുമാത്രം. ലാലിനൊപ്പം എത്രനേരം വേണമെങ്കിലും അഭിനയിക്കാം. ഷൂട്ടിംഗ് തീരാതെ നീണ്ടുപോകണമെന്ന് ആഗ്രഹിച്ചുപോകും.” – അഭിമുഖത്തില്‍ തിലകന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല