സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, മൂന്നാം സംവാദവും പൂര്‍ത്തിയായി, ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി ഹിലാരി. ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ആഞ്ഞടിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മൂന്നാമത്തേതും അവസാനത്തേതുമായ സംവാദത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയതായാണ് നിരീക്ഷകര്‍ കരുതുന്നത്.
സൈന്യത്തേയും രഹസ്യാന്വേഷക ഏജന്‍സികളേയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിന് താത്പര്യം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തലയിടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. ഇതാണ് ഹിലരി ആയുധമാക്കിയത്.
സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണ് ട്രംപെന്നും അദ്ദേഹത്തിന് തോക്ക് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്നു ഹിലാരി ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ട്രംപ് തിരിച്ചടിച്ചു. ഹിലറി പ്രസിഡന്റ് ആയാല്‍ രാജ്യത്തിന് ഭീഷണിയാണ്. സിറിയയിലെ പ്രശ്‌നങ്ങള്‍ക്കും ഐഎസ് തീവ്രവാദത്തിനും ഹിലരിയുടെ ദുര്‍ബല വിദേശനയതന്ത്രമാണ് കാരണമായതെന്നും ട്രംപ് പറഞ്ഞു. തുറന്ന അതിര്‍ത്തി വേണമെന്ന ഹിലരിയുടെ ആരോപണം ട്രംപ് എതിര്‍ത്തു. സുരക്ഷിതമായ അതിര്‍ത്തിയാണ് വേണ്ടതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാല്‍, തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ജനഹിതം മാനിക്കുമൊ എന്ന ചോദ്യത്തിന് കാത്തിരുന്ന കാണാം എന്നാണ് ട്രംപ് മറുപടി പറഞ്ഞത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ വിദേശനയം, കുടിയേറ്റനയം, തീവ്രവാദം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ വിഷയമായി.നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല