അജിമോൻ ഇടക്കര
പരിശുദ്ധ കന്യകാമറിയത്തിന്റേയും മാർ തോമാ ശ്ലീഹായുടേയും വിശുദ്ധ അല്‍ഫോൻസാമ്മയുടേയും തിരുന്നാളുകൾ ജൂലയ് അഞ്ചാം തിയതി ഞായറാഴ്ച ഗ്ളോസ്റ്റർഷയർ മാറ്റ്സണിലെ വിശുദ്ധ അഗസ്തീനോസിന്റെ ദൈവാലയത്തിൽ വച്ചു ഗ്ലോസ്റ്റർഷയർ സീറോ മലബാർ കാത്തലിക് ചർച്ച് ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഉച്ചയ്ക്ക് ഒരു മണിക്കു മാറ്റ്സണ്‍ സെന്റ് അഗസ്റ്റിൻ പള്ളി വികാരി റവ. ഫാ റിച്ചാർഡ് ബാർട്ടന്റെ സാന്നിദ്ധ്യത്തിൽ ആവും തിരുന്നാൾ മഹാമഹത്തിന് കൊടിയേറുക. തുടർന്നു തിരുന്നാൾ പ്രസുദേന്തി വാഴിക്കലും അഞ്ച് പുരോഹിതരുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസയും ഉണ്ടായിരിക്കും. യൂക്കെയിലെ ക്രിസ്ത്യൻ മലയാളി സമൂഹത്തിനു അപൂർവ്വമായി മാത്രമാണു ആഘോഷകരമായ റാസ കുർബാനയിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുന്നത്. ഫാ ടോമി ചിറയ്ക്കൽ മണവാളൻ, ഫാ ജിജോ ഇണ്ടിപറമ്പിൽ (CST ), ഫാ പോൾ വെട്ടിക്കാട്ട് (CST), ഫാ സിറിൾ ഇടമന (SDB ) , ഫാ. സഖറിയാസ് കാഞ്ഞൂപറമ്പിൽ എന്നിവരാകും റാസ കുർബാനയിൽ കാർമ്മികത്വം വഹിക്കുക . സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള ആഘോഷകരമായ പ്രദക്ഷിണവും ലദീഞ്ഞും പരിശുദ്ധ കുർബാനയുടെ ആശീർവാദവും റാസയ്ക്കു ശേഷം നടത്തുന്നതായിരിക്കും. കഴുന്നു എടുക്കുവാനും നേർച്ച കാഴ്ചകൾ സമർപ്പിക്കുവാനും തിരുന്നാൾ ദിനത്തിൽ സൗകര്യമുണ്ടായിരിക്കും.
ജ്വലിക്കുന്ന വിശ്വാസത്തിന്റെ ഉത്തമ മാതൃകയായ വിശുദ്ധ തോമാശ്ലീഹയുടെ പ്രേഷിത ചൈതന്യവും പരിശുദ്ധ മാതാവിന്റെ അടിയുറച്ച ദൈവസ്നേഹവും വിശുദ്ധ അൽ ഫോൻസാമ്മയുടെ നൈർമല്യവും വിശുദ്ധിയും സ്വജീവിതത്തിലും കുടുംബങ്ങളിലും സ്വീകരിച്ചു ആത്മീയ നിറവിലും അഭിഷേകത്തിലും പൂരിതരാകുവാൻ ദൈവമക്കളുടെ സ്നേഹകൂട്ടായ്മയിലേയ്ക്കും തിരുന്നാൾ കർമ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇടവകയുടെ ആത്മീയ പിതാവായ ഫാ സിറിൾ ഇടമനയും (Ph 07723425094). ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത് (Ph. 07703063836), സജി തോമസ് (Ph. 07875476601) എന്നിവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല