സ്വന്തം ലേഖകൻ: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇന്നുരാത്രി 12മണിക്ക് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കും. ഏറ്റെടുക്കലിന്‍റെ ഭാഗമായി വിമാനത്താവളം അലങ്കാര ദീപങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. അന്‍പതു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ന് രാത്രി പന്തണ്ട് മണി കഴിയുമ്പോള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണ അദാനി ഗ്രൂപ്പിനാവും.
മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ പങ്കെടുത്ത ടെന്‍ഡറിലാണ് അദാനി വിമാനത്താവളം പിടിച്ചത്. ഒരു യാത്രക്കാരന് 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കരാര്‍ പ്രകാരം അദാനി നല്‍കണം. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുള്ള തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിച്ച് മികവുറ്റതാക്കാനാവും അദാനി ശ്രമിക്കുക.
എതിര്‍പ്പുകള്‍ പലതും ഉയര്‍ന്നപ്പോഴും സ്വകാര്യവത്കരണം വികസനത്തിന് അനിവാര്യമാണെന്ന നിലപാട് എടുത്തത് ശശി തരൂര്‍ എം.പിയായിരുന്നു. വിമാനത്താവള കൈമാറ്റത്തിനെതരിയ ഹര്‍ജി സുപ്രീംകോടതിയില്‍ നില്‍ക്കെയാണ് കൈമാറ്റം. കൈമാറ്റ പ്രക്രിയ നടന്ന ശേഷം ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല