1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2023

സ്വന്തം ലേഖകൻ: അടുത്ത മാസം മുതൽ തിരുവനന്തപുരത്തു നിന്നു ആഭ്യന്തര, വിദേശ കേന്ദ്രങ്ങളിലേക്കു കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നു. ബെംഗളൂരുവിലേക്കു പ്രതിദിനം 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുതിയതായി ആരംഭിക്കും. മലേഷ്യയിലെ ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈനിന്റെ സർവീസും അടുത്ത മാസം മുതൽ ഉണ്ടാകും. ക്വാലലംപുരിലേക്ക് എയർ ഏഷ്യയുടെ സർവീസും തുടങ്ങിയേക്കും. ചെന്നൈ ഉൾപ്പെടെ തിരക്കുള്ള കേന്ദ്രങ്ങളിലേക്കും പുതിയ സർവീസുകൾ തുടങ്ങും.

നിലവിൽ ഇൻഡിഗോയുടെ 5 പ്രതിദിന സർവീസുകൾ ബെംഗളൂരുവിലേക്ക് ഉണ്ട്. സ്പൈസ് ജെറ്റ് ആഴ്ചയിൽ 4 സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത മാസം 18 നു ശേഷമാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, സ്പൈസ് ജെറ്റ് സർവീസ് നടത്തുന്ന 4 ദിവസങ്ങളിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 8 ആകും. ആഴ്ചയിൽ 3 ദിവസം 7 സർവീസും ഉണ്ടാകും.

ഇൻഡിഗോയുടെ കുത്തകയായിരുന്ന ബെംഗളൂരു റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടി വരുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. കഴിഞ്ഞ വർഷം ഡിസംബറിൽ ഉണ്ടായിരുന്നതിനെക്കാൾ 1000– 2000 രൂപയുടെ വ്യത്യാസം ഇത്തവണ ബുക്കിങ് സൈറ്റുകളിൽ കാണിക്കുന്നുണ്ട്. റൂട്ടിലെ മത്സരം ശക്തമായതോടെയാണിത്. ആഭ്യന്തര റൂട്ടുകളിൽ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുന്ന എയർ ഇന്ത്യ എക്സ്പ്രസ് ചെന്നൈ ഉൾപ്പെടെ മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കും.

ക്വാലലംപുരിലേക്ക് മലേഷ്യൻ എയർലൈൻസ് സർവീസ് ആരംഭിക്കുന്നതോടെ ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ യാത്രക്കാർ കൂടുതലുള്ള രാജ്യാന്തര റൂട്ടുകളിലേക്കും കണക്ടിവിറ്റി വർധിക്കും. നിലവിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബജറ്റ് എയർലൈനായ സ്കൂട്ട് ആണ് ഈ മേഖലയിലേക്കു കണക്ടിവിറ്റി നൽകുന്നത്.

സിംഗപ്പുരിലേക്കാണ് സ്കൂട്ടിന്റെ സർവീസ്. മലേഷ്യൻ എയർലൈൻസ് അടുത്ത മാസം രണ്ടാം വാരം മുതൽ ആഴ്ചയിൽ 3 സർവീസുകളാണ് പ്ലാൻ ചെയ്യുന്നത്. എയർ ഏഷ്യ കൂടി വരുന്നതോടെ കുറഞ്ഞ ചെലവിൽ ഈ മേഖലയിലേക്കുള്ള യാത്ര സാധ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.