സ്വന്തം ലേഖകൻ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തിൽ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം.
സ്വയം പ്രവർത്തിപ്പിക്കാവുന്ന ടിക്കറ്റ് ഡിസ്പെൻസറുകൾ ഉപയോഗിച്ച് പ്രവേശന കവാടത്തിൽ നിന്ന് ടോക്കൺ വാങ്ങി പാർക്കിങ് ഏരിയയിലേക്ക് പോകാം. എയർപോർട്ടിൽ നിന്ന് മടങ്ങുമ്പോൾ ഈ ടിക്കറ്റ് എക്സിറ്റ് ടോൾ ബൂത്തിൽ സ്കാൻ ചെയ്യണം. പാർക്കിങ് ഫീ ബാധകമാണെങ്കിൽ നേരിട്ടോ ഡിജിറ്റൽ ആയോ തുക അടക്കാം.
അറൈവൽ ഏരിയയിൽ ഉള്ള പ്രീ പെയ്ഡ് കൗണ്ടർ വഴിയും പണം അടക്കാം. നിലവിലെ പാർക്കിങ് നിരക്കുകളിൽ മാറ്റമില്ല. പുതിയ സൗകര്യം നിലവിൽ വരുന്നതോടെ ടോൾ ബൂത്തുകൾക്കു മുന്നിലെ തിരക്കു കുറയും.
എയർപോർട്ടിലെ ജീവനക്കാർക്ക് എൻട്രി, എക്സിറ്റ് കൗണ്ടറുകളിൽ ആർ.എഫ്.ഐ.ഡി കാർഡ് സ്കാൻ ചെയ്ത് യാത്ര ചെയ്യാം. ഫാസ്ടാഗ് പോലുള്ള പുതിയ സൗകര്യങ്ങളും ഉടൻ നിലവിൽ വരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല