സ്വന്തം ലേഖകന്‍: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികളുടെ പേക്കൂത്ത്, വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചു. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണമുളള തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ക്യാംപസിലേക്ക് ഓണാഘോഷമെന്ന പേരില്‍ ജീപ്പോടിച്ച് കയറ്റിയ വിദ്യാര്‍ഥി സംഘത്തിലെ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തലക്കു സാരമായി പരുക്കേറ്റ ആറാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശി തെസ്‌നി ബഷീറാണ് ആശുപത്രിയില്‍ മരിച്ചത്. തെസ്‌നിയെ മൂന്നുതവണ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഓണാഘോഷത്തിന് അനുമതി വാങ്ങിയ 12 വിദ്യാര്‍ഥികളെ ചട്ടലംഘനത്തിന് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. ജീപ്പ് ഓടിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ബൈജുവിനെ പ്രതിയാക്കി നരഹത്യാശ്രമത്തിനു പൊലീസ് കേസെടുത്തു. തുറന്ന ജീപ്പ് നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവരെല്ലാം ഒളിവിലാണെന്നാണു സൂചന.
13 വര്‍ഷം മുന്‍പ് സമാന സംഭവത്തില്‍ ക്യാംപസിനകത്ത് അമിത ശങ്കര്‍ എന്ന വിദ്യാര്‍ഥിനി ബൈക്കിടിച്ചു മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സിഇടി മെ!ന്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കു ബുധനാഴ്ച വൈകിട്ട് ഓണാഘോഷത്തിനു വ്യവസ്ഥകളോടെ കോളജ് അധികൃതര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ‘ചെകുത്താന്‍’ എന്ന ലോറിയിലും ജീപ്പിലും നൂറോളം ബൈക്കുകളിലുമായി വിദ്യാര്‍ഥികളുടെ വന്‍സംഘം ഘോഷയാത്ര പോലെ കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാഹനങ്ങള്‍ ഉള്ളില്‍ കയറുന്നതു തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണു വാഹനഘോഷയാത്ര അകത്തു പ്രവേശിച്ചത്.
തുടര്‍ന്ന് ക്യാംപസിലൂടെ നടന്നു പോകുകയായിരുന്ന തെസ്‌നിയെ ജീപ്പ് ഇടിച്ചിട്ടു. അകത്തേക്കു പോകേണ്ട വഴിയിലൂടെ ജീപ്പ് പുറത്തേക്ക് ഓടിച്ചിറക്കിയപ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെസ്‌നിയുടെ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി.
സംഭവം നടന്ന് അഞ്ചു മണിക്കൂറിനു ശേഷമാണു കോളജ് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവം വന്‍ വിവാദമായപ്പോഴാണു 12 പേരെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കെബിഎഫ് 7268 എന്ന ജീപ്പാണു വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടത്. മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് കെ. കുമാര്‍ എന്നയാളുടെ പേരിലാണു ജീപ്പ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല