സ്വന്തം ലേഖകൻ: പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആള്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കല്‍ സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
സേവ്യറാണ് കത്തെഴുതിയതെന്ന് കത്തില്‍ പേരുണ്ടായിരുന്ന കലൂര്‍ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ പേരില്‍ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യര്‍ പറഞ്ഞിരുന്നു.
കസ്റ്റഡിയില്‍ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യര്‍ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്.. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.
പ്രധാനമന്ത്രിക്കുനേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഊമക്കത്ത് അയച്ചയാള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് വലിയ ആശ്വാസത്തിലാണ് കൊച്ചിയിലെ ഒരു കുടുംബം. കലൂര്‍ കത്രക്കടവ് സ്വദേശി എന്‍.ജെ ജോണിയുടെ പേരും ഫോണ്‍നമ്പറും ഭീഷണിക്കത്തില്‍ വന്നതോടെ കുടുംബാംഗങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി.
കത്തെഴുതിയത് താനല്ലെന്നും വ്യക്തിവൈരാഗ്യംമൂലം മറ്റാരോ എഴുതിയതാകാമെന്നും തനിക്ക് ഒരാളെ സംശയമുണ്ടെന്നും ജോണി പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല