സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി. ബ്രിട്ടണില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മൂന്ന് പാര്‍ലമെന്റങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളായ അന്ന സൌബ്രി, സാറാ വൊലാസ്റ്റണ്‍, ഹീഡി അല്ലന്‍ എന്നിവരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റങ്ങള്‍ സ്ഥാപിച്ച ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പില്‍ അംഗമാകാനാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ ബ്രെക്‌സിറ്റ് അനുകൂല നിവലപാടില്‍ പാര്‍ട്ടി വിട്ട ഏഴ് പേര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ്. ബ്രെക്‌സിറ്റില്‍ വീണ്ടും ഹിത പരിശോധന നടത്തണമെന്ന നിലപാടുകാരാണ് ഇവര്‍.
ബ്രെക്‌സിറ്റ് അനുനയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് മൂവരും പാര്‍ട്ടി വിടുന്നത്. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായാണ് തെരേസ മേ പ്രവര്‍ത്തിക്കുന്നത് എന്ന് ഇവര്‍ കുറ്റപ്പെടുത്തി. കാഴ്ചക്കാരെ പോലെ ഇനിയും പാര്‍ട്ടിയില്‍ തുടരാനാവില്ല, ഞങ്ങള്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയോട് കൂറുപുലര്‍ത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ നേര്‍ത്ത ഭൂരിപക്ഷം മാത്രമുള്ള മേക്ക് ഇനി 8 അംഗങ്ങളുടെ അധിക പിന്തുണ മാത്രമാണ് പാര്‍ലമെന്റിലുള്ളത്. ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന്‍ വിടേണ്ട അവസാന തീയതി മാര്‍ച്ച് 29 ആണ്. എന്നാല്‍ ഇതുവരെ അന്തിമമായ ഒരു കരാറിലേക്കെത്താന്‍ തെരേസ മേയ്ക്ക് കഴിഞ്ഞിട്ടില്ല.
ബ്രെക്‌സിറ്റിന് അഞ്ചാഴ്ച മാത്രം ശേഷിക്കേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മൂന്ന് എംപിമാര്‍ പാര്‍ട്ടി വിട്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കു തിരിച്ചടിയായി. രാജി നിര്‍ഭാഗ്യകരമാണെന്നു പ്രതികരിച്ച മേ ബ്രെക്‌സിറ്റ് (യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍) ഒരിക്കലും എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടി. പക്ഷേ ബ്രെക്‌സിറ്റിന് അനുകൂലമായുള്ള ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്ത് മാനിക്കേണ്ടിയിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല