1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലർ ജീവനക്കാരായ രണ്ടുപേർക്കാണ് ​ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്‌ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ അകലേക്ക് തെറിച്ചുവീണു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിരുന്നു. ആറുയൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

പടക്കശേഖരണശാല ഇവിടെ പ്രവര്‍ത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും വിവരമുണ്ട്.

സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ ചികിത്സയ്‌ക്കെത്തിച്ചവരില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.