സ്വന്തം ലേഖകന്‍: തൃപ്തി ദേശായി ശബരിമലക്കു സമീപം എത്തിയതായി അഭ്യൂഹം, ഒളിച്ചും പാത്തും മലകയറില്ലെന്ന് തൃപ്തി. ഒളിച്ചും പാത്തും ശബരിമലയ്ക്ക് പോകില്ലെന്നും പോകുന്നുണ്ടെങ്കില്‍ അത് പോലീസിനെയും സര്‍ക്കാരിനെയും അറിയിച്ചു തന്നെയായിരിക്കും ചെയ്യുകയെന്നും തൃപ്തി ദേശായി. ശബരിമല കയറുന്ന തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തന്റെ സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്നും തൃപ്തി പറഞ്ഞു.
തന്റെ നീക്കത്തിന് പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുണ്ടെന്ന് മനസ്സിലാക്കുന്നെന്നും അനുമതി്യോടെ സ്ത്രീപ്രവേശനത്തിന് മുതിരാനാണ് താല്‍പ്പര്യമെന്നും തൃപ്തി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ഒരു ശബരിമല തീര്‍ത്ഥാടകനാണ് പത്തനംതിട്ടാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിച്ചത്. തുടര്‍ന്ന് ഇടുക്കി കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.
പോലിസും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ശബരിമല പാതയിലുടനീളം തിരഞ്ഞെങ്കിലും തൃപ്തി ദേശായിയെ കണ്ടെത്താനായില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഇവരുടെ വിവിധ ഫോട്ടോകളുമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പോലിസ് ഇന്നലെ രാത്രി 9.30 വരെ ജാഗ്രതയിലും നിരീക്ഷണത്തിലുമായിരുന്നു.
ലഭിച്ച വിവരം തെറ്റാണെന്ന് ഉറപ്പിച്ചെങ്കിലും പോലിസ് ജാഗ്രത അവസാനിപ്പിച്ചിട്ടില്ല. എരുമേലിയിലും പമ്പയിലും വനിതാ പോലിസുകാരെ പ്രത്യേകമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വിവരമറിഞ്ഞ് രണ്ടിടത്തും ദൃശ്യമാധ്യമങ്ങളും എത്തിയിരുന്നു. തൃപ്തി ദേശായി വന്നാല്‍ അടിച്ച് ഓടിക്കാനായിരുന്നു ചില സംഘടനകളുടെ തീരുമാനം.
എന്നാല്‍ ഇതിന് പിന്നാലെയാണ് തൃപ്തിദേശായി തന്നെ വിശദീകരണം നല്‍കിയത്. അനുമതിയോടെ ശബരിമല പ്രവേശനത്തിനാണ് ഒരുങ്ങുന്നത്. സ്വാമി അയ്യപ്പനെ ബഹുമാനിക്കുന്ന ആളാണ് താനെങ്കിലും ഇന്ത്യന്‍ ഭരണഘടനയിലാണ് കൂടുതല്‍ വിശ്വാസം. അതുകൊണ്ട് തന്നെ അതനുസരിച്ചുളള പ്രവര്‍ത്തനമായിരിക്കും നടത്തുക. എല്ലാ സ്ത്രീകളേയും പ്രായപരിധിയില്ലാതെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന തൃപ്തിയുടെ ആവശ്യം വന്‍ വിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ സന്നിധാനത്തും പരിസരത്തും പോലീസ് അതീവ ജാഗ്രതയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല