സ്വന്തം ലേഖകൻ: പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സംഭവം. നാല് മലയാളികള്‍ക്ക് പരുക്കേറ്റു. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്കു പോയത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച സൂരജ്.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഐഎന്‍ജി ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായ ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന സൂചനയല്ലാതെ കൊലപാതകത്തിനുള്ള കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ല. ചെന്നൈയിലും ബെംഗളൂരുവിലും ജോലി നോക്കിയ ശേഷം പത്ത് മാസം മുന്‍പാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല