സ്വന്തം ലേഖകന്‍: കണ്ണും ചെവിയും മനസും നിറച്ച് തൃശൂര്‍ പൂരം, കൊടും ചൂടില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരത്തിലേക്ക് ഒഴുകിയത്തെിയ ആസ്വാദകര്‍ പൂരം പൊടിപൂരമാക്കി. ഒരിടത്തും ഉറയ്ക്കാതെ, കാഴ്ചകളില്‍നിന്ന് കാഴ്ചകളിലേക്ക് തെന്നിനീങ്ങിയ പതിനായിരങ്ങള്‍ സന്ധ്യയോടെ തേക്കിന്‍കാട് മൈതാനത്തിന്റെ തെക്കേഗോപുരച്ചെരുവില്‍ ഒത്തുകൂടി.
വടക്കുന്നാഥനെ ലക്ഷ്യമിട്ട് പുലരി മുതല്‍ പുറപ്പെട്ട പത്ത് പൂരങ്ങള്‍ ആനകളും മേളവുമായി ഉച്ചയോടെ നഗരത്തിലെത്തി. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത തിരക്കായിരുന്നു, ഇത്തവണ പൂരത്തിന്. ശനിയാഴ്ച തെക്കേഗോപുര വാതില്‍ തുറക്കുന്നത് കാണാന്‍ ആവേശത്തോടെ എത്തിയവര്‍ മുതല്‍ ഞായറാഴ്ച കുടമാറ്റം കാണാന്‍ എത്തിയ ആയിരങ്ങളും പൂരത്തെ ജനസാഗരമാക്കി.
മഠത്തിനു മുന്നില്‍ പഞ്ചവാദ്യം കാണാനും ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം ആസ്വദിക്കാനും പൂഴിയിട്ടാല്‍ താഴെ വീഴാത്ത ജനത്തിരക്കായിരുന്നു. കുടമാറ്റത്തിന് ചമയമിട്ട് ആനകള്‍ അണിനിരന്നതോടെ പൂരാവേശം അതിന്റെ കൊടുമുടിയില്‍ എത്തുകയും ചെയ്തു. പുലര്‍ച്ചെ കാഴ്ചയുടേയും കേള്‍വിയുടേയും വിസ്മയമൊരുക്കിയ വെടിക്കെട്ടോടെ അടുത്ത വര്‍ഷം വീണ്ടുമെത്താമെന്ന ആശംസയോടെ പൂരപ്രേമികള്‍ പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല