സ്വന്തം ലേഖകന്‍: ഇന്ന് വടക്കുന്നാഥന്റെ പൂരങ്ങളുടെ പൂരം, തൃശൂര്‍ പൂരത്തിന് ഒരുങ്ങി നാടും നാട്ടുകാരും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുഖ്യപങ്കാളികളായ പൂരത്തിന്റെ ആദ്യ ചടങ്ങുകള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തോടെ തുടര്‍ന്ന് പാറമേക്കാവിന്റെ പൂരം പുറപ്പാട് ആരംഭിക്കും.
പാറമേക്കാവ് ഭഗവതി രണ്ടു മണിയോടെ വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത് പ്രവേശിക്കും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. രാവിലെ എട്ടു മണി മുതല്‍ മറ്റു ഘടകപൂരങ്ങളും വടക്കുന്നാഥ ക്ഷേത്രമൈതാനിയിലേക്കെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം. തുടര്‍ന്നാണ് കുടമാറ്റം.
കഴിഞ്ഞ ദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഗോപുരവാതില്‍ തുറന്നതോടെ പൂരാവേശത്തിന് ആരംഭം കുറിച്ചു. നിറഞ്ഞുനിന്ന കാണികളെ സാക്ഷിയാക്കിയാണ് രാമചന്ദ്രന്‍ പൂരവാതില്‍ തുറന്ന് തൃശൂര്‍ പൂരത്തിന്റെ ആരംഭം വിളിച്ചറിയിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്. രാവിലെ എട്ടിന് പകല്‍പ്പൂരം അരങ്ങേറും. ഉച്ചയ്ക്ക് 12ന് ഉപചാരം ചൊല്ലുന്നതോടെ പൂരം പൂര്‍ണമാകും. കനത്ത സുരക്ഷയിലും പരിശോധനയിലുമാണ് ഇത്തവണ പൂരം വെടിക്കെട്ട്. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമുള്‍പ്പെടെയുള്ള വിസ്മയങ്ങള്‍ ആസ്വദിക്കാന്‍ പൂരപ്രേമികളുടെ ഒഴുക്കാണ് തൃശ്ശൂരിലേക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല