ചൈനയില്‍ രണ്ടു ബുദ്ധ സന്യാസിമാര്‍ക്കു പൊലീസ് വെടിവയ്പ്പില്‍ ഗുരുതര പരുക്ക്. സിച്ചുവാന്‍ പ്രവിശ്യയില്‍ ടിബറ്റന്‍ വംശജര്‍ക്കു ഭൂരിപക്ഷമുള്ള അബാ മേഖലയില്‍ ഞായറാഴ്ചയാണു പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് വെടിവച്ചത്. ഇതേത്തുടര്‍ന്നു തിങ്കാളാഴ്ച അവിടെ ഒരു ബുദ്ധ സന്യാസിനി സ്വയം തീകൊളുത്തി ജീവനൊടുക്കി.
മതസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആത്മീയ നേതാവ് ദലൈ ലാമയെ ചൈനയില്‍ തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു സന്യാസിനി ടെന്‍സിന്‍ ബാങ്മോ (20) ജീവനൊടുക്കിയത്. ഈ വര്‍ഷം ചൈനയില്‍ ആത്മാഹൂതി നടത്തുന്ന ഒമ്പതാമത്തെ ബുദ്ധ സന്യാസിയാണവര്‍.
എന്നാല്‍, സന്യാസിനി ജീവനൊടുക്കിയ സംഭവത്തെക്കുറിച്ചു വിവരമില്ലെന്നു ചൈനീസ് വിദേശകാര്യ വക്താവ് ലിയു വീമിന്‍. മനുഷ്യജീവനു ഹാനികരമായ നിലപാടു സ്വീകരിക്കുന്നതു ധാര്‍മികതയ്ക്കു ചേരുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്യാസിമാര്‍ ആത്മാഹൂതി ചെയ്യുന്നതിനെ ദലൈ ലാമ പ്രോത്സാഹിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച വീമിന്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല